സിപിഐ ഹരജിയില്‍ സര്‍ക്കാരിന് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്

തിരുവനന്തപുരം: മൂന്നാര്‍ പരിസ്ഥിതി സംരക്ഷണത്തില്‍ സിപിഐ തുറന്ന പോരിലേക്ക്. സിപിഐയുടെ നിര്‍ണായക നീക്കത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റി കുറിഞ്ഞി ഉദ്യാനമടക്കം മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവ് നല്‍കിയ ഹരജിയിലാണ്  ട്രൈബ്യൂണല്‍ വിശദീകരണം തേടിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കി സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയംഗം പി പ്രസാദാണ് ചെന്നൈയിലെ ഹരിത ട്രൈബ്യൂണലില്‍ ഹരജി നല്‍കിയത്. പാര്‍ട്ടി ഇടുക്കി ജില്ലയുടെ ചുമതലയും പ്രസാദിനാണ്. പരിസ്ഥിതി ദുര്‍ബല മേഖല നിലനിര്‍ത്തണം, വനം-പരിസ്ഥിതി നിയമങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവിടണം എന്നിവയാണ് ഹരജിയിലെ പ്രധാന ആവശ്യം. ഇതു പരിഗണിച്ച് മൂന്നാറിലെ ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിന് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. ജനുവരി 12ന് ഹരജി വീണ്ടും പരിഗണിക്കും. മൂന്നാറിലെ പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കൈയേറ്റം വ്യാപകമാണെന്നും അത് ഒഴിപ്പിച്ച് ഈ മേഖല സംരക്ഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. സംസ്ഥാന ചീഫ് സെക്രട്ടറിയും വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും എതിര്‍കക്ഷികളാണ്. വനംവകുപ്പിന് ഇവിടെ യാതൊരു നിയന്ത്രണവുമില്ല. രാഷ്ട്രീയക്കാരടക്കം വലിയ സ്വാധീനമുള്ളവര്‍ വന്‍തോതില്‍ ഭൂമി കൈയടക്കിയിരിക്കുകയാണെന്നും 12 പേജുള്ള ഹരജിയിലുണ്ട്. മൂന്നാര്‍ സംരക്ഷണം ആവശ്യപ്പെട്ടുള്ള തന്റെ ഈ നീക്കം സിപിഐ നേതൃത്വത്തിന്റെ പിന്തുണയോടെയാണെന്നും പി പ്രസാദ് പറഞ്ഞു. അതേസമയം, കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന് മന്ത്രി മന്ത്രി എം എം മണി പ്രതികരിച്ചു.
Next Story

RELATED STORIES

Share it