സിപിഐയെ ദുര്‍ബലമാക്കി മുന്നണി ശക്തമാക്കാമെന്ന് കരുതേണ്ട: കാനം

കൊച്ചി: സിപിഐയെ ദുര്‍ബലപ്പെടുത്തി എല്‍ഡിഎഫ് ശക്തിപ്പെടുത്താമെന്ന ധാരണ സിപിഎമ്മിനു വേണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം ദുര്‍ബലമായാല്‍ എല്‍ഡിഎഫ് ശക്തിപ്പെടുമെന്ന രാഷ്ട്രീയം സിപിഐക്കില്ല. അതുപോലെ തന്നെ സിപിഐ ദുര്‍ബലപ്പെട്ടാലും എല്‍ഡിഎഫ് ശക്തമായി നിലനില്‍ക്കുമെന്ന ധാരണ സിപിഎമ്മിനും വേണ്ടെന്നു കാനം രാജേന്ദ്രന്‍ പറഞ്ഞു. ശരിയുടെ പക്ഷത്തേക്കു കൂടുതല്‍ ആളുകള്‍ വരുന്നു. സിപിഐ ആണ് ശരിയെന്നു പലര്‍ക്കും ബോധ്യം വരുന്നതുകൊണ്ടാണ് സിപിഐക്കൊപ്പം കൂടുതല്‍ ആളുകള്‍ എത്തുന്നത്. കഴിഞ്ഞ കോട്ടയം സമ്മേളനത്തിനു ശേഷം പാര്‍ട്ടിയുടെ സംഘടനാ ശേഷി വര്‍ധിച്ചിട്ടുണ്ട്. അതിനു പ്രധാന കാരണം സിപിഐ പറയുന്നതാണ് ശരിയെന്നു മനസ്സിലായതുകൊണ്ടാ ണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.സിപിഎമ്മും സിപിഐയും രണ്ടു പാര്‍ട്ടിയാണ്. മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് ഒരുമിച്ചു മുന്നോട്ടുപോവുക. ഈ നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നത് പാര്‍ട്ടി അംഗീകരിക്കുന്ന കാര്യങ്ങളിലാണ്. ഇതിനു വിരുദ്ധമായ നിലപാട് ഏതെങ്കിലും കേന്ദ്രങ്ങളില്‍ നിന്നുണ്ടായാല്‍ അതു തിരുത്താനുള്ള ബാധ്യതയുണ്ടെന്നതിനാലാണ് പലപ്പോഴും ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയി ല്‍ ഇടതുപക്ഷം എടുത്തിട്ടുള്ള പൊതുനിലപാടിനെതിരായി കേരളത്തിലെ സര്‍ക്കാരിനു പോവാന്‍ കഴിയില്ല. ഇന്ത്യയിലെ സമരം ചെയ്യുന്ന ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് കേരളത്തിലെ ഗവണ്‍മെന്റ് അല്ലാതെ ആ കരങ്ങളെ ദുര്‍ബലപ്പെടുത്താനല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ചില വിഷയങ്ങള്‍ സിപിഐക്ക് ചൂണ്ടിക്കാണിക്കേണ്ടി വന്നിട്ടുണ്ട്. അതു തര്‍ക്കമായി ആരും കണക്കാക്കേണ്ടതില്ല. ഇതു മുന്നണിയിലെ ഐക്യം ശക്തിപ്പെടുത്താനും ശരിയിലേക്ക് സര്‍ക്കാരിനെ കൊണ്ടുപോവാനുമാണ്.  പാര്‍ട്ടിക്ക് ഗറില്ലാ പോരാളികളെപ്പോലുള്ള പണപ്പിരിവ് വേണ്ടെന്നു കാനം പറഞ്ഞു.
Next Story

RELATED STORIES

Share it