സിപിഐയെ കൊട്ടി പിണറായി; തിരിച്ചടിച്ച് കാനം

മലപ്പുറം: സിപിഐ നിലപാടുകളെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. പരോക്ഷമായി തന്നെ തിരിച്ചടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന ഇടതുപക്ഷം പ്രതീക്ഷയും സാധ്യതകളും ചര്‍ച്ചയായിരുന്നു വേദി.
ബിജെപിക്കെതിരേ കോണ്‍ഗ്രസ്സിതര ബദല്‍ വേണമെന്നായിരുന്നു പിണറായി വിജയന്‍ സെമിനാറില്‍ പറഞ്ഞത്. എന്നാല്‍ കേരളമല്ല ഇന്ത്യ എന്ന് മനസ്സിലാക്കണമെന്ന കാനം രാജേന്ദ്രന്റെ മറുപടി നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. ഓരോരുത്തരുടെയും വലിപ്പചെറുപ്പം നോക്കേണ്ടതുണ്ടെന്നും പ്രായോഗിക രാഷ്ട്രീയം മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും കാനം രാജേന്ദ്രന്‍ പിണറായിക്ക് മറുപടി എന്നോണം പറഞ്ഞു. കാനത്തിന്റെ മറുപടി കേള്‍ക്കാന്‍ പക്ഷേ, പിണറായി വേദിയിലുണ്ടായിരുന്നില്ലെന്നു മാത്രം.
പ്രസംഗത്തിനിടയ്ക്ക് പേരുപറയാതെ സിപിഐയെ കൊട്ടാനും പിണറായി മറന്നില്ല. ഇടതുപക്ഷത്തെ ഒരുവിഭാഗം കോണ്‍ഗ്രസ്സിനെ വിശ്വാസത്തിലെടുത്തിരുന്നു. പിന്നീടവര്‍ക്ക് അത് തിരുത്തേണ്ടി വന്നുവെന്നായിരുന്നു സിപിഐയുടെ മുന്‍ കോണ്‍ഗ്രസ് ബന്ധം ചൂണ്ടിക്കാട്ടി പിണറായി പറയാതെ പറഞ്ഞത്. മാണിക്കെതിരെയുള്ള സിപിഐ നിലപാടിനെയും പ്രസംഗത്തില്‍ പിണറായി പരോക്ഷമായി തന്നെ വിമര്‍ശിച്ചു. ഇടതുപക്ഷത്തിന് മികച്ച ഐക്യമാണ് ആവശ്യം. പ്രാദേശിക ഗ്രൂപ്പുകളെ കൂടെ കൂട്ടി മഹാ പ്രവാഹമായി മാറ്റാന്‍ സാധിക്കണം. അതിനുള്ള ശക്തി സ്രോതസ്സായി കേരളത്തിലെ ഇടതുപക്ഷത്തെ മാറ്റാന്‍ പ്രാദേശിക ശക്തികളെ യോജിപ്പിക്കേണ്ടതുണ്ടെന്ന് പിണറായി തന്റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രസ്താവന രജത രേഖയാണെന്നും പിണറായി പറഞ്ഞു. രാജ്യത്തിനു നേരെയും മറ്റൊരു രാജ്യത്തിനു നേരെയുമുള്ള കടന്നുകയറ്റം അംഗീകരിക്കില്ലെന്നതായിരുന്നു പ്രസ്താവന. മുന്‍ അനുഭവങ്ങള്‍ വച്ച് വര്‍ഗീയതയ്‌ക്കെതിരെയും നവലിബറല്‍ നയങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ്സിന് പോരാടാനാവില്ലെന്ന് അനുകൂലിക്കുന്നവര്‍ മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു.
ഇന്ത്യയെന്ന രാജ്യം കേരളം മാത്രമല്ലെന്ന യാഥാര്‍ഥ്യം കാണാതെപോവരുതെന്നായിരുന്നു പിണറായി വിജയന് കാനം രാജേന്ദ്രന്റെ മറുപടി. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം കമ്മ്യൂണിസ്റ്റുകള്‍ തിരിച്ചറിയണം. വര്‍ത്തമാനകാല രാഷ്ട്രീയത്തിലേക്ക് ഇറങ്ങിവന്നാല്‍ ഇത് മനസ്സിലാക്കാമെന്നും കാനം പറഞ്ഞു. ഫാഷിസത്തിനെതിരേ യോജിക്കാവുന്നവരെയെല്ലാം അണിനിരത്തിയ ജോര്‍ജി ഡിമിത്‌റോവിന്റെ നിലപാടുകള്‍ നമുക്ക് മുമ്പിലുണ്ടെന്ന് കാനം ചൂണ്ടിക്കാട്ടി.
ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയത്തില്‍ കക്ഷിയുടെ വലുപ്പവും ചെറുപ്പവും പരിഗണിക്കേണ്ടതുണ്ട്. പ്രതീക്ഷയോടെ ഇടതുപക്ഷത്തെ നോക്കുന്ന ജനങ്ങളെ നിരാശരാക്കരുത്. സാഹചര്യത്തിനനുസരിച്ച് പ്രായോഗിക രാഷ്ട്രീയം നടപ്പാക്കാന്‍ ഇടതുപക്ഷത്തിനാവണമെന്നും കാനം പിണറായിയെ ഓര്‍മിപ്പിച്ചു.
Next Story

RELATED STORIES

Share it