Flash News

സിപിഎം- സിപിഐ നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നത : കോടിയേരി-കാനം ചര്‍ച്ച നടന്നില്ല



തിരുവനന്തപുരം: സര്‍ക്കാര്‍ നിലപാടില്‍ സിപിഎം-സിപിഐ നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത പരിഹരിക്കാനുള്ള നേതൃത്വത്തിന്റെ ഇടപെടലുകള്‍ വൈകുന്നു. ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ച ഇന്നലെയും നടന്നില്ല. പ്രശ്‌നപരിഹാരത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ഇന്നലെ ചര്‍ച്ച നടക്കുമെന്നായിരുന്നു സൂചന. എന്നാല്‍, എല്‍ഡിഎഫ് യോഗത്തിനു ശേഷം ആവശ്യമെങ്കില്‍ ചര്‍ച്ച നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎം-സിപിഐ സെക്രട്ടറിമാര്‍ സംസാരിക്കുന്നത് വാര്‍ത്തയല്ല. ഇരുവരും നിരന്തരം കാണാറുള്ളതാണ്. ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ മുന്നണിയിലുള്ളൂവെന്നും കാനം പറഞ്ഞു. ഇരുപാര്‍ട്ടികളിലും അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇന്ന് എല്‍ഡിഎഫ് യോഗവും ചേരുന്നുണ്ട്. എകെജി സെന്ററില്‍ ഇന്നലെ രാവിലെ നടന്ന കേന്ദ്ര-സംസ്ഥാനബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറില്‍ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും പങ്കെടുത്തിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെമിനാറിനിടയില്‍ കാണാമെന്നായിരുന്നു മുമ്പ് ഇരുവര്‍ക്കുമിടയിലെ ധാരണ. പരസ്യ വിമര്‍ശനങ്ങള്‍ക്കു ശേഷം ഇരുനേതാക്കളും ആദ്യമായി തമ്മില്‍ കാണുന്നതും ഈ പരിപാടിയിലാണ്. ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇരുവരും പ്രശ്‌നപരിഹാരത്തിനായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു സൂചന. എന്നാല്‍, ഇരുവരുടെയും കൂടിക്കാഴ്ച സംഭാഷണത്തില്‍ ഒതുങ്ങി. മൂന്നാര്‍ കൈയേറ്റം, മാവോവാദിവേട്ട, യുഎപിഎ, ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരായ പോലിസ് നടപടി, വിവരാവകാശ നിയമം തുടങ്ങിയ വിഷയങ്ങളില്‍ കാനം രാജേന്ദ്രനും സിപിഐ നേതാക്കളും നടത്തിയ പരസ്യ വിമര്‍ശനത്തിനു കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തിലൂടെ മറുപടി നല്‍കിയിരുന്നു. പ്രകാശ് കാരാട്ട്, ഇ പി ജയരാജന്‍, എം എം മണി തുടങ്ങിയ സിപിഎം നേതാക്കളും കടുത്ത വിമര്‍ശനവുമായി സിപിഐക്കെതിരേ രംഗത്തുവന്നിരുന്നു. വിവാദങ്ങള്‍ കൊഴുത്തതോടെ പ്രശ്‌നങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യാമെന്ന് കോടിയേരി നേതാക്കളെ അറിയിച്ചു. ഇതേത്തുടര്‍ന്ന് സിപിഎം-സിപിഐ നേതാക്കള്‍ സംയമനം പാലിച്ചെങ്കിലും വിവിധ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ഇനിയും പരിഹാരമായിട്ടില്ല. ഭിന്നത തുടരുന്ന സാഹചര്യത്തില്‍ ഇന്നു വൈകീട്ട് 3നു ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ചയ്ക്കു വരും.
Next Story

RELATED STORIES

Share it