palakkad local

സിപിഎം വിഭാഗീയത; സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വെട്ടിനിരത്തല്‍

ആലത്തൂര്‍: വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ മറ നീക്കി പുറത്തുവന്നതോടെ അയിലൂരിലും സിപിഎമ്മില്‍ ഭിന്നതരൂക്ഷം. അയിലൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരുടെ പാനലില്‍ നിന്ന് ഒരു വിഭാഗത്തെ പൂര്‍ണമായും വെട്ടിയാണ് വിഭാഗീയത പുതിയ തലത്തിലെത്തിയത്. നാമനിര്‍ദ്ദേശക പത്രിക നല്‍കാനുള്ള തിയതി ഇന്നലെ അവസാനിച്ചിരിക്കെ നിലവിലെ ബാങ്ക് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ മാറ്റിയാണ് പുതിയ പാനല്‍ പാര്‍ട്ടി തയ്യാറാക്കിയിരിക്കുന്നത്.
പഴയ ഭരണസമിതിയിലെ രണ്ടംഗങ്ങളെ മാത്രം നിലനിര്‍ത്തി പുതിയ പാനല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റിയോഗം അംഗീകരിച്ചു. വിഭാഗീയതയുടെ പേരില്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഏരിയാ സെക്രട്ടറിയും ഏരിയാകമ്മിറ്റിയംഗവും ലോക്കല്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുത്തിരുന്നു. നിലവില്‍ ഭരണസമിതി അംഗമായിരുന്ന ലോക്കല്‍ കമ്മിറ്റിയംഗത്തെയും വിഭാഗീയതയുടെ പേരില്‍ പാനലില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. പുതിയ പാനലിലുള്ളയാളുടെ ഭാര്യയ്ക്ക് മറ്റൊരു സഹകരണ സ്ഥാപനത്തില്‍ ആറു മാസം മുമ്പ് ജോലി നല്‍കിയിരുന്നു. മറ്റൊരംഗം പാര്‍ട്ടിയ്ക്ക് കളങ്കിതമായ പ്രവര്‍ത്തനം നടത്തിയതിന് പോലിസ് കേസെടുത്ത വ്യക്തിയാണെന്നും അവരെ ഒഴിവാക്കണമെന്നും ഒരു വിഭാഗം യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് തള്ളിയാണ് ഒരു വിഭാഗത്തെ പൂര്‍ണ്ണമായും ഒഴിവാക്കി പാനല്‍ തയ്യാറാക്കിയിരിക്കുന്നത്.
പാര്‍ട്ടിയില്‍ സജീവമായവര്‍ക്ക് അവസരം നല്‍കുക മാത്രമാണ് ചെയ്തതെന്ന് സിപിഎം അയിലൂര്‍ ലോക്കല്‍ സെക്രട്ടറി കെ കണ്ണനുണ്ണി പറഞ്ഞു. ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ ലോക്കല്‍ കമ്മിറ്റിയംഗമായി പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പാനല്‍ തയ്യാറാക്കിയിട്ടുള്ളത്.  പ്രവര്‍ത്തനങ്ങളെ വിലയിരുത്തികൊണ്ടാണ് ലോക്കല്‍ കമ്മിറ്റി ഈ തീരുമാനമെടുത്തത്. രണ്ടു തവണ പ്രസിഡന്റായതിനാലാണ് പുതിയ അംഗങ്ങള്‍ക്ക് അവസരം നല്‍കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it