thrissur local

സിപിഎം കണ്ടാണശ്ശേരി നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനം



കുന്നംകുളം: സി.പി.എം കണ്ടാണശ്ശേരി ലോക്കല്‍ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം. നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ ലോക്കല്‍ കമ്മിറ്റിയിലേക്ക് മല്‍സരം നടന്നു. കഴിഞ്ഞ ദിവസം കൂനംമൂച്ചി കലാ ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ ഐ.വി. ഇ യ്യുകുട്ടി നഗറില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സെക്രട്ടറി എ.എന്‍.സജീവന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള പൊതുചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെയും പഞ്ചായത്ത് ഭരണത്തിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ പാനല്‍ അവതരിപ്പിച്ചതിനെതുടര്‍ന്നുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് കടക്കും മുന്‍പ് ജില്ലാ, ഏരിയാ നേതാക്കള്‍ ഇടപ്പെട്ടു. അവതരിപ്പിച്ച പാനലിന് പുറമെ നാല് പേര്‍ മല്‍സരിക്കാന്‍ തയ്യാറായി. ശിവദാസന്‍ പുല്ലാനിക്കുന്ന്, കെ.പി.ഹാരീഷ്, സന്തോഷ് പാലിയത്ത്, പി.എം.സുധീര്‍ എന്നിവരാണ് മല്‍സരിക്കാന്‍ തയ്യാറായി രംഗത്ത് എത്തിയത്. മല്‍സരം നടന്നതോടെ പാനലില്‍ ഉണ്ടായിരുന്ന ടി.എ.ഉണ്ണികൃഷ്ണന്‍, മുരളീധരന്‍, കുമാരന്‍ എന്നിവരും ശിവദാസനും പരാജയപ്പെട്ടു. കുന്നംകുളം ഏരിയാ കമ്മിറ്റിക്ക് കീഴില്‍ നടന്ന ലോക്കല്‍ സമ്മേളനങ്ങളില്‍ ആദ്യമായാണ് പാനലിനതിരെ തിരഞ്ഞെടുപ്പ് നടക്കുന്നത്. കുന്നംകുളത്തെ പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരൂന്ന വിഭാഗീയത അവസാനിച്ചു എന്ന് അവകാശപ്പെട്ട പാര്‍ട്ടി നേതൃത്വത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് കണ്ടാണശ്ശേരി സമ്മേളനത്തിലെ സംഭവ വികാസങ്ങള്‍. പുതിയ ലോക്കല്‍ കമ്മിറ്റി ചേര്‍ന്ന് യുവജന നേതാവായ എം.പി.സജീപിനെ ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതും നേതൃത്വത്തിന് തിരിച്ചടിയാണ്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എഫ്. ഡേവീസ്, ബാബു.എം.പാലിശ്ശേരി, ടി.കെ.വാസു, ഏരിയാ സെക്രട്ടറി എം.എന്‍.സത്യന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സമ്മേളനത്തില്‍ വാക്കേറ്റവും മല്‍സരവും നടന്നത്.
Next Story

RELATED STORIES

Share it