സിനിമാ മേഖലയില്‍ വനിതകള്‍ക്ക് പുതിയ സംഘടന

കൊച്ചി: സിനിമാ മേഖലയിലേക്കു പുതിയ ഒരു വനിതാ സംഘടന കൂടി രംഗപ്രവേശനം ചെയ്തു. വനിതകളുടെ കൂട്ടായ്മ എന്നപേരില്‍ രൂപീകരിച്ച സംഘടന ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക) യുടെ കീഴില്‍ പ്രവര്‍ത്തിക്കും. എറണാകുളം വൈഎംസിഎയില്‍ ഇന്നലെ നടന്ന ആദ്യ യോഗത്തില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍, പ്രസിഡന്റ് സിബി മലയില്‍ എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ പേരെ സംഘടനയിലേക്ക് എത്തിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ഒമ്പതംഗ കോര്‍ കമ്മിറ്റിക്കു രൂപം നല്‍കിയിട്ടുണ്ട്. അഭിനേത്രിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയാണ് കോര്‍ കമ്മിറ്റിയുടെ അധ്യക്ഷ. എങ്കിലും ഇന്നലെ ചേര്‍ന്ന ആദ്യയോഗത്തില്‍ ഭാഗ്യലക്ഷ്മി പങ്കെടുത്തില്ല. വസ്ത്രാലങ്കാരം, മേക്കപ്, കേശാലങ്കരം, എഡിറ്റിങ്, സഹസംവിധായകര്‍ തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ നിന്നുള്ള 50ഓളം പേര്‍ യോഗത്തിനെത്തി. സ്ത്രീകള്‍ ഏറ്റവും കൂടുതലയായി ചൂഷണങ്ങള്‍ക്കു വിധേയമാവുന്ന മേഖലയാണ് സിനിമ. അതുകൊണ്ടു തന്നെ സംഘടനയ്ക്കു മുന്നിലുള്ളത് ഭാരിച്ച ഉത്തരവാദിത്തമാണെന്നു ഭാഗ്യലക്ഷ്മി പ്രതികരിച്ചു. കാമറയ്ക്കു പിന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടരുടെ പ്രശ്‌നങ്ങള്‍ എവിടെയും ചര്‍ച്ചയാവുന്നില്ല. സിനിമയുമായി ബന്ധപ്പെട്ടു മറ്റു സംഘടനകള്‍ നിലവിലുണ്ടെങ്കിലും പുരുഷാധിപത്യംമൂലം സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തില്‍ അഭിനയലോകത്തു നിന്നുള്ള വനിതകള്‍ പുതിയ സംഘടനയില്‍ അംഗങ്ങളാവുന്നില്ല. പിന്നീട് അവരെക്കൂടി പരിഗണിക്കാനാണ് ഉദ്ദേശിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളുടെ ചുവടുപിടിച്ചു നേരത്തേ വിമന്‍ കലക്ടീവ് ഇന്‍ സിനിമ (ഡബ്ല്യൂസിസി) എന്നപേരില്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിമന്‍ കലക്ടീവിനു സാധിച്ചെങ്കിലും പിന്നീട് ചില പ്രമുഖ താരങ്ങള്‍ സംഘടന വിട്ടത് തിരിച്ചടിയായി.
Next Story

RELATED STORIES

Share it