സിഖ് ഹിതപരിശോധന: ആപ് നേതാവിനെതിരേ കോണ്‍ഗ്രസ്സും ബിജെപിയും

ചണ്ഡീഗഡ്: സിഖ് ഹിതപരിശോധനയെ അനുകൂലിച്ചു പ്രസ്താവന നടത്തിയ ആം ആദ്മി പാര്‍ട്ടി (ആപ്) നേതാവിനെതിരേ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍. ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവ് സുഖ്പാല്‍ സിങ് കൈറയാണ് സിഖ് ഹിതപരിശോധന 2020നെ അനുകൂലിച്ചു പ്രസ്താവന നടത്തിയത്. ഇതിനെതിരേയാണ് പഞ്ചാബിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സും പ്രതിപക്ഷത്തെ ബിജെപിയും രംഗത്തെത്തിയത്. സിഖുകാര്‍ക്കിടയില്‍ ഹിതപരിശോധന വേണമെന്ന ആവശ്യം പ്രത്യേക സിഖ് രാഷ്ട്രത്തിനുവേണ്ടി വാദിക്കുന്ന കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നീതിക്കുവേണ്ടി സിഖുകാര്‍ എന്ന സംഘടനയാണ് മുന്നോട്ടുവച്ചത് എന്നാണ് ആരോപണം. പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് കൈറ. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും കൈറയുടെ പ്രസ്താവനയ്‌ക്കെതിരേ തുറന്നടിച്ചിരുന്നു. പഞ്ചാബിന്റെ ചരിത്രമറിയാതെ രാഷ്ട്രീയ കോമാളിത്തരമാണ് കൈറ നടത്തുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, കൈറയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാക്കളായ രമണ്‍ജിത് സിങ്, സിക്കി, ഹര്‍വീദര്‍ സിങ്, ഗില്‍, ഹര്‍ദേവ് സിങ് എന്നിവര്‍ ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനോട് വിശദീകരണം ആവശ്യപ്പെട്ടു. സിഖ് ഹിതപരിശോധനയില്‍ ആം ആദ്മി പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്നാണ് ആവശ്യം. അകാലിദളും കൈറയ്‌ക്കെതിരേ രംഗത്തുണ്ട്.
Next Story

RELATED STORIES

Share it