Alappuzha local

സിഐആര്‍സി തീരുമാനപ്രകാരമുള്ള കൂലി നടപ്പാക്കാന്‍ കയര്‍ഫാക്ടറി തൊഴിലാളികള്‍ പ്രത്യക്ഷസമരം ആരംഭിക്കുമെന്ന്

മുഹമ്മ: സിഐആര്‍സി തീരുമാന പ്രകാരമുള്ള കൂലി നടപ്പാക്കാന്‍ കയര്‍ഫാക്ടറി തൊഴിലാളികള്‍ പ്രത്യക്ഷസമരം ആരംഭിക്കുമെന്ന് മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂനിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂലി നടപ്പാക്കാത്ത ഫാക്ടറികള്‍ക്ക് മുന്നില്‍ ജൂലൈ 10 മുതലാണ് സമരം.
2015ല്‍ സിഐആര്‍സി അംഗീകരിച്ചകൂലി വ്യവസ്ഥയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 2018 ജൂണ്‍ ഒന്നിന് കൂടിയ സിഐആര്‍സി തീരുമാനമനുസരിച്ച് 8.18ശതമാനം കൂലി കയര്‍ ഫാക്ടറി തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ചു. ഇതനുസരിച്ച് ജൂണ്‍ ഒന്നുമുതല്‍ പ്രസ്തുതകൂലി മുഴുവന്‍ തൊഴിലാളികള്‍ക്കും ലഭിക്കേണ്ടതാണ്. ഈ കൂലി വര്‍ധനവ് ചെറുകിട കയര്‍ഫാക്ടറി ഉടമ ട്രേഡ് യൂനിയനുകള്‍ കയറ്റുമതിക്കാരുടെ സംഘടനാ നേതാക്കളും അംഗീകരിച്ചു ഒപ്പ് വച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ തീരുമാനങ്ങളെ അട്ടിമറിക്കുന്നതിനുവേണ്ടി ഏതാനും ചെറുകിട ഫാക്ടറി ഉടമകള്‍ ചേര്‍ന്ന് കൂലി വെട്ടിക്കുറച്ച് ജോലി ചെയ്യിക്കുന്നതിനുള്ള പരിശ്രമം ആരംഭിച്ചിരിക്കുന്നു.
സിഐആര്‍സി തീരുമാനമനുസരിച്ച് ഡിഎ അടക്കം 700 ഗ്രാം വലപ്പായുടെ കൂലി 17രൂപ 54 പൈസ ചേര്‍ത്തല താലൂക്കിലെ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ ചെറുകിട ഉടമ അസോസിയേഷന്റെ പേരില്‍ ഇറക്കിയതിട്ടൂരത്തില്‍ 900 ഗ്രാം വലപ്പായ്ക്ക് 11 രൂപയും 700 ഗ്രാമിന് 10 രൂപയും 600 ഗ്രാമിന് 9 രൂപയും എന്ന നിലയില്‍ കൂലി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഇത് കയറ്റുമതിക്കാരില്‍ നിന്നും ഓര്‍ഡര്‍ വാങ്ങികൊണ്ടു വിലകുറച്ച് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് കൊടുക്കുന്നതിനുള്ള ഏജന്‍സി പണിയാണ് ഈ കൂട്ടര്‍ ഏറ്റെടുത്തിട്ടുള്ളത്.
ഈ നീക്കത്തെ ശക്തമായി നേരിട്ടുകൊണ്ട് സിഐആര്‍സി അംഗീകരിച്ചിട്ടുള്ള കൂലി നേടിയെടുക്കാനും പ്രസ്തുത തീരുമാനം നടപ്പിലാക്കാത്ത ചെറുകിട ഫാക്ടറികളില്‍ അടക്കം ചൊവ്വാഴ്ച മുതല്‍ അതാത് ഫാക്ടറികളുടെ മുന്നില്‍ പണിമുടക്കി പ്രത്യക്ഷ പ്രക്ഷോഭം നടത്തണമെന്നും യൂനിയന്‍ മാനേജിങ് കമ്മറ്റി തീരുമാനിച്ചു. സ്റ്റെന്‍സിലിങ് അടക്കമുള്ള ഫിനിഷിങ് രംഗത്തെ തൊഴിലാളികള്‍ക്ക് സിഐആര്‍സി തീരുമാനമനുസരിച്ചുള്ള 8.18 ശതമാനം കൂലി ലഭിക്കേണ്ടതാണ്. ചില കയറ്റുമതിക്കാരും ഷിയറിങ് ഫാക്ടറി ഉടമാ അസോസിയേഷന്‍ സംഘടനയിലെ ചില ഫാക്ടറി ഉടമകളും തീരുമാനിച്ച കൂലി നടപ്പിലാക്കാന്‍ തടസ്സവാദങ്ങള്‍ ഉയര്‍ത്തുകയാണ്.
സിഐആര്‍സി അംഗീകരിച്ച കൂലി നടപ്പാക്കാന്‍ ഇവര്‍ തയ്യാറാകണം, അല്ലാത്തപക്ഷം ഇപ്പോള്‍ സ്‌റ്റെന്‍സിലിങ് തൊഴിലാളികള്‍ ആരംഭിച്ചിട്ടുള്ള പണിമുടക്ക് തുടരുന്നതിനോടൊപ്പം  കൂലി നടപ്പിലാക്കാത്ത ഫാക്ടറികള്‍ക്ക് മുന്നിലും 10 മുതല്‍ പ്രത്യക്ഷപ്രക്ഷോഭം ആരംഭിക്കും.
വാര്‍ത്താസമ്മേളനത്തില്‍ യൂനിയന്‍ ജനറല്‍ സെക്രട്ടറി സി കെ സുരേന്ദ്രന്‍, പി സുരേന്ദ്രന്‍, എം പി സുഗുണന്‍, ജെ ജയലാല്‍, ജി മുരളി, ആര്‍ ഷാജീവ് പങ്കെടുത്തു.
Next Story

RELATED STORIES

Share it