സിഎല്‍എടി പരീക്ഷയില്‍ അപാകതകളെന്ന് റിപോര്‍ട്ട്‌

ന്യൂഡല്‍ഹി: നിയമപഠനത്തിനുള്ള പൊതു പ്രവേശന പരീക്ഷയില്‍ (സിഎല്‍എടി) അപാകതകള്‍ ഉണ്ടായിട്ടുണ്ടെന്ന് റിപോര്‍ട്ട്. സാങ്കേതികപ്രശ്‌നങ്ങളുണ്ടെന്ന പരാതി പരിശോധിക്കാന്‍ സുപ്രിംകോടതി നിയമിച്ച സമിതി കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഓണ്‍ലൈന്‍ വഴി നടത്തിയ പ്രവേശനപ്പരീക്ഷയില്‍ ആറു തകരാറുകള്‍ കണ്ടെത്തിയതായി സമിതി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.
8,500 പരാതികള്‍ പരിശോധിച്ചാണ് കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ നായര്‍, കൊച്ചിയിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ ശാസ്ത്ര വിഭാഗം മേധാവി പ്രഫ. ജി സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സമിതി കഴിഞ്ഞദിവസം സുപ്രിംകോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.
പരീക്ഷാ വെബ്‌സൈറ്റിലേക്ക് ലോഗിന്‍ ചെയ്യുമ്പോഴുണ്ടായ തകരാറുകള്‍, കംപ്യൂട്ടറോ മൗസോ മാറ്റിയപ്പോള്‍ ഉണ്ടായ തടസ്സങ്ങള്‍, ചോദ്യങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ കാണാനാവാത്തത്, യുപിഎസ് ഇല്ലാത്തതിനാല്‍ വൈദ്യുതി തടസ്സം നേരിട്ടതുമൂലം പലതവണ ലോഗിന്‍ ചെയ്യേണ്ടിവന്നത്, പരീക്ഷാ ഹാളിലെ നിരീക്ഷകര്‍ തുടങ്ങി 12 പ്രധാന വിഷയങ്ങളാണ് സമിതി പരിശോധിച്ചത്.
8,500 പരാതികളില്‍ 210 പേര്‍ക്ക് നിശ്ചിത സമയത്തിലും കുറവ് സമയമേ ലഭിച്ചിട്ടുള്ളൂവെന്നും ഇവര്‍ക്ക് രണ്ടു മിനിറ്റിലധികം സമയം നഷ്ടമായിട്ടുണ്ടെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. 1,899 പരീക്ഷാര്‍ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ ലോഗിന്‍ ചെയ്യേണ്ടിവന്നു. വൈദ്യുതി തടസ്സം വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളുടെ സമയം പാഴാവാന്‍ കാരണമായി. ഏറെ ഏകാഗ്രത ആവശ്യമുള്ള ഒരു മല്‍സരപ്പരീക്ഷയ്ക്കിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതു തടസ്സമുണ്ടാക്കി.
ഈ പരാതികള്‍ക്കു പരിഹാരമായി സമിതി രണ്ടു കാര്യങ്ങളാണ് റിപോര്‍ട്ടില്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
പരീക്ഷ റദ്ദാക്കി പുനപ്പരീക്ഷ നടത്തുക, നഷ്ടപ്പെട്ട സമയത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കാത്തതിനാല്‍ നിലവിലുള്ള റാങ്ക് ലിസ്റ്റിനെ ഇതു ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് സമിതിയുടെ നിര്‍ദേശങ്ങള്‍. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it