സാബിത്തിന്റെ മലേസ്യന്‍ യാത്ര കള്ളക്കഥ

കോഴിക്കോട്: നിപാ വൈറസ് ബാധിച്ച് ആദ്യം മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ചുകെട്ടിയില്‍ മുഹമ്മദ് സാബിത്ത് മലേസ്യ സന്ദര്‍ശിച്ചിരുന്നുവെന്നത് കള്ളക്കഥ. മലേസ്യയില്‍ നിന്നു സാബിത്ത് വഴിയാണ് സംസ്ഥാനത്ത് നിപാ വൈറസ് എത്തിയതെന്ന രീതിയില്‍ ജന്‍മഭൂമി ഉള്‍െപ്പടെയുള്ള ചില പത്രങ്ങളും ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയിരുന്നു.
ഉറവിടം ആരില്‍ നിന്നെന്നറിയാതെ നിപയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന നിരവധി ഊഹാപോഹങ്ങളിലൊന്നായിരുന്നു സാബിത്തിന്റെ മലേസ്യന്‍ യാത്രയെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. സാബിത്ത് വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. എന്നാല്‍, ഇത് മലേസ്യയിലേക്കായിരുന്നില്ല. യുഎഇയിലേക്കായിരുന്നു.
എട്ടുമാസത്തോളം യുഎഇയിലെ ദുബയില്‍ തങ്ങിയാണ് സാബിത്ത് മടങ്ങിയെത്തിയതെന്നു യാത്രാരേഖകള്‍ വ്യക്തമാക്കുന്നു. ദുബയിലെ ഹനീം അലി ജനറല്‍ ട്രേഡിങ് എല്‍എല്‍സി എന്ന കമ്പനിയില്‍ എസി മെക്കാനിക് തസ്തികയില്‍ റസിഡന്‍സ് വിസയും സാബിത്തിന്റെ പേരില്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്.
2017 ഏപ്രില്‍ 10നാണ് വിസ ഇഷ്യൂ ചെയ്തത്. എന്നാല്‍, നിപ വാര്‍ത്തകള്‍ പുറത്തുവന്നതോടെ സാബിത്ത് രോഗലക്ഷണത്തോടെയാണ് നാട്ടില്‍ മടങ്ങിയെത്തിയതെന്നു ചില കോണുകളില്‍ നിന്നു പ്രചാരണമുണ്ടായി. മലേസ്യയില്‍ നേരത്തേ നിപ പടര്‍ന്നുപിടിച്ചിരുന്ന വാര്‍ത്താ മാധ്യമങ്ങളില്‍ വന്നതോടെ സാബിത്ത് യാത്രപോയത് മലേസ്യയിലേക്കായിരിക്കുമോ എന്നായി ചിലരുടെ സംശയം. ഇത് ജന്‍മഭൂമിയെപ്പോലുള്ള മാധ്യമങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുകയായിരുന്നു. നിപയുടെ ഉറവിടം എന്താണെന്നു വ്യക്തമാവാതിരുന്ന സാഹചര്യത്തില്‍ സാബിത്തിന്റെ യാത്രയെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനിടയിലാണ് സാബിത്ത് ഈ തൊട്ടടുത്ത മാസങ്ങളിലൊന്നും വിദേശയാത്ര നടത്തിയിരുന്നില്ലെന്നു രേഖകള്‍ സഹിതം വ്യക്തമായിരിക്കുന്നത്.
2017 ഫെബ്രുവരി 13ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു യുഎഇയിലേക്ക് യാത്ര തിരിച്ചെന്നും 14ന് യുഎഇയില്‍ എത്തിയെന്നും 2017 ഒക്ടോബര്‍ ആറിന് അവിടെ നിന്ന് എക്‌സിറ്റ് സീലടിച്ച് തിരിച്ചുപോന്നതായും പാസ്‌പോര്‍ട്ട് രേഖകളിലുണ്ട്. സാബിത്ത് എന്‍ജിനീയറിങ് ബിരുദധാരിയാണെന്നും മലേസ്യയില്‍ ചികില്‍സ തേടിയെന്നും വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ തട്ടിവിട്ടു.
ജോലി തേടി യുഎഇയില്‍ പോയ സാബിത്തും എന്‍ജിനീയറായ മൂത്ത സഹോദരന്‍ സ്വാലിഹും ഒരുമിച്ചാണ് നാട്ടില്‍ തിരിച്ചെത്തിയത്. വയറ്റില്‍ അള്‍സര്‍ ബാധിച്ചതിനെ തുടര്‍ന്നാണ് ദുബയ് ജോലി ഉപേക്ഷിച്ച് സാബിത്ത് നാട്ടിലെത്തിയത്.
Next Story

RELATED STORIES

Share it