സാങ്കേതികവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: വിനോദസഞ്ചാരവകുപ്പില്‍ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷിക്കാന്‍ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെബി കോശി കേസെടുത്തു. ഫെബ്രുവരി 29നു രാവിലെ 11ന് കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങില്‍ വിശദീകരണം ഹാജരാക്കണം. വട്ടപ്പാറ സ്വദേശി പി വിപിന്‍ദീപ് സമര്‍പ്പിച്ച പരാതിയിലാണു നടപടി. വിഷയത്തില്‍ 6 മാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായിരുന്നു ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റിന്റെ അടിസ്ഥാന യോഗ്യത. എന്നാല്‍, പ്രസ്തുത വിഷയത്തില്‍ ബിരുദമുള്ളതിനാല്‍ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുണ്ടെന്നുള്ള സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു.
പിഎസ്‌സിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ അപേക്ഷ നല്‍കിയപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് സര്‍വകലാശാലയാണെന്നു പറഞ്ഞു. തുടര്‍ന്ന് സര്‍വകലാശാലയെ സമീപിച്ചപ്പോള്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍നിന്നാണെന്നു പറഞ്ഞ് തിരിച്ചയച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫിസിലെ അക്കാദമിക് വിഭാഗത്തിലുള്ള ഉദേ്യാഗസ്ഥ സര്‍ട്ടിഫിക്കറ്റ് ചോദിച്ചുചെന്ന തന്നോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍, സമാന യോഗ്യതയുള്ള സുഹൃത്തിന് കുക്ക് ജോലിക്ക് അപേക്ഷിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പുതന്നെ ഉയര്‍ന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പരാതിയില്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നാല്‍ പിഎസ്‌സി തന്നെ പരിഗണിക്കില്ലെന്നു പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it