Editorial

സാങ്കേതികവിദ്യയും ജനാധിപത്യവും

വിവരസാങ്കേതികവിദ്യയും അതിന്റെ ഭാഗമായി ഉയര്‍ന്നുവന്ന വിവരവിനിമയ ഉപാധികളും ജനാധിപത്യത്തെ കൂടുതല്‍ പുഷ്ടിപ്പെടുത്തുകയും ശക്തമാക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് ലോകം പുലര്‍ത്തിയിരുന്നത്. വിവരസാങ്കേതികവിദ്യ വ്യാപിച്ചതോടെ മാധ്യമപ്രവര്‍ത്തനം കൂടുതല്‍ ശക്തമായി; വിവരവിനിമയം വളരെയേറെ എളുപ്പമായി. ഏറ്റവും സാധാരണക്കാരായ ആളുകള്‍ക്കു പോലും വിവരങ്ങള്‍ കൈമാറാനും പൊതുസമൂഹ ചര്‍ച്ചകളില്‍ പങ്കാളികളാകാനും സാധ്യത തുറന്നു. ലോകം പരസ്പരബന്ധിതമായ ഒരു ഗ്രാമം പോലെ ഇഴയടുപ്പമുള്ള ഒരു സമൂഹമായി പരിവര്‍ത്തനം ചെയ്യപ്പെടുമെന്ന പ്രതീക്ഷ പുലര്‍ത്താന്‍ കഴിയുന്ന സാഹചര്യങ്ങളാണ് ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നത്.
ഇപ്പോള്‍ ഒന്നര പതിറ്റാണ്ടിനു ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ പ്രതീക്ഷകള്‍ക്കനുസരിച്ചല്ല കാര്യങ്ങള്‍ സംഭവിച്ചതെന്നു വ്യക്തമായി വരുകയാണ്. സാമൂഹിക മാധ്യമങ്ങള്‍ ലോകജനതയ്ക്ക് പുതിയ സാധ്യതകള്‍ തുറന്നുകൊടുത്തുവെന്ന കാര്യം വസ്തുത തന്നെയാണ്. അടിച്ചമര്‍ത്തപ്പെട്ടവരും മാധ്യമപ്രവര്‍ത്തനത്തിനു കൂച്ചുവിലങ്ങുള്ള അവസ്ഥയില്‍ ജീവിക്കുന്നവരുമായ നിരവധി സമൂഹങ്ങള്‍ അതിന്റെ സാധ്യതയെ ഉപയോഗപ്പെടുത്തി. ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളാണ് അറബ് വസന്തത്തിനു സഹായകമായത്. കിഴക്കന്‍ യൂറോപ്പിലും ചൈനയിലും യുവജനങ്ങള്‍ പുതിയ വിമോചന പ്രക്ഷോഭങ്ങളുമായി മുന്നോട്ടുവന്നതും ഇതേ സാധ്യതകള്‍ ഉപയോഗിച്ചുതന്നെയാണ്. ഇന്ത്യയില്‍ അഴിമതിക്കെതിരേ ഉയര്‍ന്നുവന്ന യുവജനപ്രസ്ഥാനം വിവരസാങ്കേതികവിദ്യയുടെ അപാരമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയുണ്ടായി.
പക്ഷേ, അത്തരം സാധ്യതകളെ അട്ടിമറിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളും വിവരസാങ്കേതികവിദ്യയുടെ മറ്റു സംവിധാനങ്ങളും ഭരണകൂടത്തിന്റെയും കോര്‍പറേറ്റ് താല്‍പര്യങ്ങളുടെയും നിയന്ത്രണത്തിലായതായാണ് അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കൃത്രിമ വിവരവിനിമയ ഉപാധികള്‍, വ്യാജ വാര്‍ത്തകള്‍ എന്നിങ്ങനെ നിരവധി സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ജനാധിപത്യ പ്രക്രിയയെത്തന്നെ അട്ടിമറിക്കാന്‍ ഇതേ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് സമീപകാല അനുഭവങ്ങള്‍ തെളിയിക്കുന്നു.
ജനങ്ങളുടെ ചിന്തകളെ നിര്‍ണായകമായി സ്വാധീനിക്കാന്‍ കഴിയുംവിധം വ്യാജവാര്‍ത്തകള്‍ നിര്‍മിച്ചു വന്‍തോതില്‍ വിതരണം ചെയ്യുന്ന ഒരു വ്യവസായസംരംഭം തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയാണ് ഇതിലൂടെ സംഭവിച്ചത്. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ ഈ പ്രക്രിയകളില്‍ പങ്കാളികളായെന്നത് ഗുരുതരമായ കണ്ടെത്തലാണ്. ജനങ്ങളുടെ വിശ്വാസത്തെയാണ് അവര്‍ സ്ഥാപിതതാല്‍പര്യങ്ങള്‍ക്കു വേണ്ടി ബലികഴിച്ചത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ ഭയാനകമായ ഒരു അവസ്ഥയിലേക്കാണ് യഥാര്‍ഥത്തില്‍ വിരല്‍ചൂണ്ടുന്നത്.
Next Story

RELATED STORIES

Share it