Flash News

സാക്ഷി പറയാത്തതിന് കള്ളക്കേസ്‌: യുപിയിലെ ഭീകരവിരുദ്ധ സേന മുസ്ലിംകളെ വേട്ടയാടുന്നു

സ്വന്തം  പ്രതിനിധി

ലഖ്‌നോ: ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ സേന(എടിഎസ്) നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കുന്നതായി വസ്തുതാന്വേഷണ റിപോര്‍ട്ട്. ഭീകരവാദക്കേസുകളുമായി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട 16 മുസ്‌ലിം ചെറുപ്പക്കാരുടെ വിശദാംശങ്ങള്‍ അഭിഭാഷകരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും കൂട്ടായ്മയായ റിഹായ് മഞ്ച് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
കൃത്യമായ തെളിവുകളില്ലാതെയാണ് ഇത്രയും പേരെ എടിഎസ് ഭീകരവാദക്കേസുകളില്‍ കുടുക്കിയിരിക്കുന്നതെന്ന് റിഹായ് മഞ്ച് തയ്യാറാക്കിയ ഇന്‍ ദ നെയിം ഓഫ് ഡീറാഡിക്കലൈസേഷന്‍ എന്ന വസ്തുതാന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് മുഫ്തി ഫൈസാന്‍ എന്ന ചെറുപ്പക്കാരനെ എടിഎസ് ആരുമറിയാതെ പിടിച്ചുകൊണ്ടുപോയത്. രണ്ടുമൂന്നു ദിവസത്തേക്ക് മകന്‍ എവിടെയാണെന്ന് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് പിതാവ് മുഹമ്മദ് ഫാറൂഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബര്‍ഹാപൂരിലെ ഗ്രാമത്തില്‍ ഇമാമായിരുന്ന മകനെ എടിഎസ് പിടികൂടി ലഖ്‌നോയിലെത്തിച്ചതായി പിന്നീടു വ്യക്തമായി. മകന്‍ ഭീകരാക്രമണത്തിനു പദ്ധതിയിടുകയായിരുന്നുവെന്നാണ് അന്വേഷിച്ചപ്പോള്‍ പറഞ്ഞത്. എന്നാല്‍, മകന്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് അന്വേഷിച്ചാല്‍ അവന് യാതൊരു ഭീകരബന്ധവുമില്ലെന്നു വ്യക്തമാവുമെന്ന് താന്‍ എടിഎസിനെ ബോധ്യപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്കകം മകനെ മോചിപ്പിക്കുമെന്ന് എടിഎസ് ഉറപ്പു നല്‍കി. എന്നാല്‍, പിന്നീട് മൂന്നുമാസം, ആറുമാസം എന്നിങ്ങനെ പല കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോയി. ഇപ്പോള്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും ചെയ്ത തെറ്റെന്തെന്നറിയാതെ മുഫ്തി ഫൈസാന്‍ ഇരുമ്പഴിക്കുള്ളില്‍ കിടക്കുകയാണ്. ഭാര്യയും രണ്ടു പെണ്‍മക്കളുമുള്ള ഫൈസാന്‍ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നുവെന്ന് 70കാരനായ ഫാറൂഖ് പറയുന്നു.
ഐഎസ് ബന്ധമുണ്ടെന്നാരോപിക്കപ്പെടുന്ന മുഹമ്മദ് സൈഫുല്ല 2017 മാര്‍ച്ച് 7ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ തൊട്ടുപിന്നാലെയാണ് ഏപ്രില്‍ 20ന് ബിജ്‌നോര്‍ ജില്ലയിലെ ബര്‍ഹാപൂരില്‍ നിന്ന് മുഫ്തി ഫൈസാനെ എടിഎസ് അറസ്റ്റ് ചെയ്തത്. സൈഫുല്ലയുടെ മരണത്തിനു പിന്നാലെ ഐഎസ് ബന്ധമാരോപിച്ച് മറ്റു ചില മുസ്്‌ലിം ചെറുപ്പക്കാരെയും എടിഎസ് പിടികൂടിയിരുന്നു. കാണ്‍പൂരിലെ ജമ്മാഉ ഏരിയയില്‍ നിന്നുള്ള മുഹമ്മദ് ആതിഫും ഇക്കൂട്ടത്തില്‍പ്പെടുന്നു.
തന്റെ ജ്യേഷ്ഠനെ എടിഎസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആതിഫിന്റെ സഹോദരന്‍ മുഹമ്മദ് ആഖിബ് കാരവന്‍ ഡെയ്‌ലിയോട് പറഞ്ഞു. സൈഫുല്ലയുടെ കേസില്‍ കള്ളസാക്ഷി പറയുന്നതിന് എടിഎസ് പലതവണ ആതിഫിനെ വിളിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ പരാതി ബോധിപ്പിച്ച് ആഭ്യന്തരമന്ത്രാലയത്തിനും നിരവധി മനുഷ്യാവകാശസംഘടനകള്‍ക്കും നിവേദനം നല്‍കി. എന്നാല്‍, കേസില്‍ സാക്ഷിപറയാന്‍ തയ്യാറാവാത്തതിനാല്‍ ആതിഫിനെ അവര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരുവര്‍ഷം കഴിഞ്ഞിട്ടും സഹോദരനെ അവര്‍ മോചിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്ന് ആഖിബ് പറഞ്ഞു.
കാണ്‍പൂരിലുള്ള അതേ സ്ഥലത്ത് താമസിക്കുന്ന സൈഫുല്ലയുടെ ബന്ധു ആസിഫ് ഇഖ്ബാലിനെയും കേസില്‍ എടിഎസ് കുടുക്കി. നാലും ഒന്നും വയസ്സുള്ള രണ്ടു മക്കളാണ് ആതിഫിന്. സംഭവത്തിനുശേഷം കേസില്‍ കുടുങ്ങുമെന്നു ഭയന്ന് അയല്‍വാസികള്‍പോലും തങ്ങളോടു സംസാരിക്കാതായെന്ന് ആഖിബ് പറയുന്നു.
ഇത്തരം പല കേസുകളിലും ജഡ്്ജിമാര്‍ സ്ഥലംമാറ്റപ്പെടുകയും അഭിഭാഷകര്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അഭിഭാഷകന്‍ അബൂബക്കര്‍ പറഞ്ഞു. പോലിസിനെ വിമര്‍ശിച്ചുകൊണ്ട് പല കോടതികളും വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം യുപിയില്‍ നടന്ന ഭൂരിഭാഗം ഏറ്റുമുട്ടലുകളും വ്യാജമാണെന്ന് നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍സ്(എന്‍സിഎച്ച്ആര്‍ഒ) ആക്റ്റിവിസ്റ്റ് അന്‍സാര്‍ അഹ്്മദ് പറഞ്ഞു. പല സംഭവങ്ങളിലും മുസ്‌ലിം ചെറുപ്പക്കാരെ കുടുക്കുന്നതിന് പോലിസ് കള്ളക്കഥകള്‍ മെനഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ജാമ്യത്തിലോ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയോ ജയിലില്‍നിന്നിറങ്ങുന്നവരെ കുറ്റകൃത്യം നിയന്ത്രിക്കാനെന്ന പേരില്‍ പോലിസ് വെടിവച്ചുകൊല്ലുകയാണ്.
2018 ജനുവരി വരെ 1,038 ഏറ്റുമുട്ടലുകളാണ് യുപി സര്‍ക്കാര്‍ നടത്തിയത്. ഇതില്‍ നാലു പോലിസുകാര്‍ ഉള്‍പ്പെടെ 44 പേര്‍ കൊല്ലപ്പെടുകയും 238 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, ഏറ്റുമുട്ടലുകളുടെ ശരിയായ കണക്ക് 1400ലേറെ വരുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ദലിതുകള്‍ക്കെതിരായ അക്രമങ്ങളും വര്‍ധിച്ചിട്ടുണ്ടെന്ന് ആക്റ്റിവിസ്റ്റ് അമര്‍ പാസ്വാന്‍ പറഞ്ഞു.
അതിക്രമങ്ങളില്‍ ഉള്‍പ്പെട്ടവരെ ഭരണകൂടം സംരക്ഷിക്കുകയാണെന്ന് റിഹായ് മഞ്ചിലെ അഭിഭാഷകന്‍ മുഹമ്മദ് ശുഹൈബ് പറഞ്ഞു. ജനകീയ പ്രതിരോധത്തിലൂടെ മാത്രമേ ഇതിനു മാറ്റം വരുത്താനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it