Kottayam Local

സഹകരണ ബാങ്കുകളുടെ ഡിജിറ്റലൈസേഷന് 25 കോടിയുടെ പദ്ധതിപാവപ്പെട്ടവരില്‍ വായ്പാതുക തിരിച്ചുപിടിക്കുന്നത് ആശാസ്യകരമല്ല: സഹകരണ മന്ത്രി

കോട്ടയം: പാവപ്പെട്ടവരില്‍ നിന്ന് ഏതുവിധേനയും വായ്പാത്തുക തിരിച്ചുപിടിക്കുന്നത് ആശാസ്യകരമല്ലെന്നു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചെറിയ വായ്പാ തിരിച്ചടവിന്റെ പേരില്‍ ജനദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കില്ല. ഇതു സര്‍ക്കാരിന്റെ നയമല്ല. അതേസമയം, വായ്പകള്‍ ആരെടുത്താലും തിരിച്ചടയ്ക്കണം. സഹകരണ ബാങ്കുകളുടെ ഡിജിറ്റലൈസേഷന് 25 കോടിയുടെ പദ്ധതി നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.64ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം പഴയ പോലിസ് സ്റ്റേഷന്‍ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സഹകരണ ബാങ്കുകളെയും ബന്ധിപ്പിക്കുന്ന കേരള സഹകരണ ബാങ്കിന്റെ രൂപീകരണം പ്രാഥമിക ബാങ്കുകളായ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തും. സഹകരണ ബാങ്കുകളില്‍ ഇടപാടുകള്‍ നടത്തുന്നവരില്‍ അധികവും 40 വയസ്സിനു മുകളിലുള്ളവരാണ്. ചെറുപ്പക്കാര്‍ അധികവും സര്‍വീസ് ചാര്‍ജ് അധികമായാല്‍ പോലും സേവനങ്ങള്‍ വിരല്‍തുമ്പില്‍ ലഭിക്കുന്ന ബാങ്കുകളുടെ ഉപഭോക്താക്കളാണ്. ചെറുപ്പക്കാരെ സഹകരണ ബാങ്കുകളിലേക്ക് ആകര്‍ഷിക്കണമെങ്കില്‍ ആധുനികവല്‍ക്കരണം കൂടിയേ തീരൂ. രാജ്യത്ത് തന്നെ സഹകരണമേഖലയുടെ വരുമാനത്തിന്റെ 50 ശതമാനം സംഭാവന ചെയ്യുന്നത് കേരളമാണ്. ഒന്നരലക്ഷം കോടിയുടെ നിക്ഷേപമാണ് കേരളത്തിനുള്ളത്. നോട്ടുനിരോധനമുണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കാന്‍ കേരളത്തിലെ സഹകരണ മേഖലയ്ക്ക് കഴിഞ്ഞത് ഇതിന്റെ ജനകീയ അടിത്തറകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ മേഖലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി. മികച്ച ഫ്‌ളോട്ട്, മികച്ച ഘോഷയാത്ര എന്നീ ഇനങ്ങളില്‍ വിജയിച്ച സംഘങ്ങള്‍ക്കുള്ള സമ്മാനവും അദ്ദേഹം വിതരണം ചെയ്തു. ജോസ് കെ മാണി എംപി അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ വി എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ഫിലിപ്പ് കുഴികുളം, ചാള്‍സ് ആന്റണി, പി ജെ അജയകുമാര്‍, സംസ്ഥാന സഹകരണ യൂണിയന്‍ കണ്‍വീനര്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍, അഡിഷണല്‍ രജിസ്ട്രാര്‍ സി വിജയന്‍, ജോയിന്റ് രജിസ്ട്രാര്‍ എം ബിനോയ് കുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it