സഹകരണ ബാങ്കുകളിലെ സ്വര്‍ണപ്പണ്ടങ്ങള്‍ പരിശോധിക്കുന്നു

കണ്ണൂര്‍: സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സംഘങ്ങളിലെയും സ്വര്‍ണപ്പണയ പണ്ടങ്ങള്‍ പരിശോധിക്കാന്‍ തീരുമാനം. മാര്‍ച്ച് 11 വരെയുള്ള കാലയളവില്‍ പരിശോധന നടത്താന്‍ സഹകരണ സംഘങ്ങള്‍ക്കു സഹകരണ വകുപ്പ് നിര്‍ദേശം നല്‍കി. പരിശോധനയില്‍ കുറഞ്ഞത് മൂന്ന് അംഗങ്ങള്‍ ഉണ്ടാവും. ഭരണസമിതി അംഗം, ജീവനക്കാരന്‍, അപ്രൈസര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണു പരിശോധനാ സമിതി. മുഴുവന്‍ പണ്ടങ്ങളും പരിശോധിച്ച ശേഷം ഇവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ സഹകരണ വകുപ്പ് രണ്ടാംഘട്ട പരിശോധന നടത്തും. ബാങ്കിങ് മേഖലയിലെ അഴിമതി തടയാനും അനാശാസ്യ പ്രവണതകള്‍ അവസാനിപ്പിക്കാനുമാണ് നടപടി. എല്ലാ മൂന്നുമാസ ഇടവേളകളിലും ഇത്തരം പരിശോധനകള്‍ നടത്തും. മറ്റു രംഗങ്ങളെ അപേക്ഷിച്ച് അഴിമതി ഏറ്റവും കുറഞ്ഞ മേഖലയാണിതെങ്കിലും അടുത്തിടെ സഹകരണ മേഖലയുടെ യശ്ശസിന് കോട്ടമുണ്ടാക്കിയ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ ചിലതു ഭരണസമിതിക്കു തന്നെ പങ്കാളിത്തമുള്ളതാണ്. ചില കേസുകളില്‍ ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. ജീവനക്കാര്‍ ഉത്തരവാദിത്തം യഥാവിധി നിര്‍വഹിക്കാത്തതിനാല്‍ ഉണ്ടായ അഴിമതികളും വേറെ. അഴിമതി സംബന്ധിച്ച പരാതികളില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കാനാണു തീരുമാനം. സഹകരണ മേഖലയിലെ കരടുനയം എല്ലാവരും സ്വാഗതം ചെയ്തതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗുണപ്രദമായ ഭേദഗതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അംഗത്വത്തിനുള്ള കുറഞ്ഞ പ്രായം 16 വയസ്സ് ആക്കണമെന്നത് ഉള്‍പ്പെടെയുള്ള ഭേദഗതികള്‍ പരിഗണിച്ച് നയം സമഗ്രമാക്കും. കണ്ണൂരില്‍ നടന്ന സഹകരണ കോണ്‍ഗ്രസ്സില്‍ സഹകരണ മേഖല അഴിമതിവിമുക്തമാക്കുന്നതിനു പ്രതിനിധികള്‍ പ്രതിജ്ഞയെടുത്തു. വകുപ്പുമന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Next Story

RELATED STORIES

Share it