kannur local

സസ്‌പെന്‍ഷന്‍ ; കോര്‍പറേഷന്‍ യോഗത്തില്‍ വാഗ്വാദം



കണ്ണൂര്‍: കോര്‍പറേഷനിലെ ഒന്നാം ഗ്രേഡ് പബ്ലിക് ഓവര്‍സിയര്‍ കെ കെ രാജനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെച്ചൊല്ലി അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദം. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ആരോപണ-പ്രത്യാരോപണങ്ങളുമായി ഏറ്റുമുട്ടിയെങ്കിലും നടപടി നേരിടുന്ന ഉദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണങ്ങളും ഉയര്‍ന്നു. ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥനെയും ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെയും കുറ്റപ്പെടുത്തിയാണ് പ്രതിപക്ഷം രംഗത്തെത്തിയതെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ സസ്‌പെന്‍ഷന്‍ അംഗീകരിക്കുകയായിരുന്നു. ഇതിനിടെ, ഇരുപക്ഷവും ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായി. ഇക്കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ പയ്യാമ്പലത്ത് അനധികൃത നിര്‍മാണം നടക്കുന്നുവെന്നറിഞ്ഞ് പരിശോധനയ്‌ക്കെത്തിയ കെ കെ രാജനും ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷും തമ്മിലുള്ള പ്രശ്‌നമാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചത്. ഡെപ്യൂട്ടി മേയറോട് അപമര്യാദയായി പെരുമാറുകയും സംഭാഷണം റെക്കോഡ് ചെയ്ത് സമൂഹികമാധ്യമങ്ങളിലും ചാനലുകളിലും പ്രചരിപ്പിക്കുകയും മാധ്യമങ്ങളോട് കോര്‍പറേഷനെ ഇകഴ്ത്തി സംസാരിക്കുകയും ചെയ്തു. ഇതു 1960ലെ കേരള സര്‍വന്റ്‌സ് കോണ്‍ടക്റ്റ് റൂളിനും മറ്റു ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണു മേയര്‍ ഇ പി ലത സസ്‌പെന്‍ഡ് ചെയ്തത്. ഇതിന്‍മേലുള്ള ചര്‍ച്ചയിന്‍മേല്‍ ഓവര്‍സിയര്‍ കെ കെ രാജന്റേത് അതിരുകടന്ന നടപടിയാണെന്നും നേരത്തെ പുഴാതി പഞ്ചായത്തില്‍ ഉണ്ടായിരുന്നപ്പോള്‍ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നു. നിരന്തര പരാതിക്കൊടുവിലാണ് കോര്‍പറേഷനിലേക്ക് മാറ്റിയതെന്നും ഭരണപക്ഷാംഗങ്ങള്‍ പറഞ്ഞു. മൂന്ന് അജണ്ടകള്‍ മാത്രമുള്ള അടിയന്തര കൗണ്‍സിലില്‍ ഒടുവിലത്തെ അജണ്ടയായിരുന്നു ഓവര്‍സിയര്‍ക്കെതിരായ നടപടി. ലീഗിലെ സി സമീറാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കോര്‍പറേഷന്റെ ഭാഗത്തുനിന്ന് പിടിവാശിയുണ്ടായോ എന്നും ഉദ്യോഗസ്ഥരെ അപമാനിക്കുന്നത് പതിവായതിനാല്‍ പലരും ഓടിരക്ഷപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിന്റെയും മറ്റും പേരില്‍ സ്ഥലംമാറ്റപ്പെടുന്നത് നിത്യസംഭവമാണ്. എന്നാല്‍, ഉദ്യോഗസ്ഥനെ ന്യായീകരിക്കുന്നില്ല. തെറ്റിനെ തെറ്റെന്നു പറയും. വിരട്ടി കാര്യങ്ങള്‍ നേടാമെന്നത് ഭരണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമീര്‍ ഉദ്യോഗസ്ഥനെ പിന്താങ്ങുകയാണോ എതിര്‍ക്കുകയാണോ എന്ന് വ്യക്തമല്ലെന്ന് സിപിഐയിലെ വെള്ളോറ രാജന്‍ ചോദിച്ചു. ഉദ്യോഗസ്ഥന്റെ നടപടി തെറ്റാണെന്നും കണ്ണൂരെന്നു കേട്ട് പേടിക്കുന്നവരല്ലാതെ ഇവിടേക്ക് വന്നവര്‍ പോവാത്ത അനുഭവമാണുള്ളതെന്നും അദ്ദേഹം തിരിച്ചടിച്ചു. സിപിഎം പ്രതിനിധി സി രവീന്ദ്രനാണ് കൈക്കൂലി, അപമര്യാദ ആരോപണങ്ങളുയര്‍ത്തിയത്. പുഴാതി പഞ്ചായത്തില്‍ നേരത്തെയുണ്ടായ യുഡിഎഫ് അംഗങ്ങളും ഇതിനു സാക്ഷിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരക്കാരെ നിലയ്ക്കുനിര്‍ത്താനാവാത്തത് കഴിവുകേടാണെന്ന ടി ഒ മോഹനന്റെ പരാമര്‍ശമാണ് ബഹളത്തിന് തുടക്കമിട്ടത്. വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്ന് ഭരണപക്ഷം ആഞ്ഞടിച്ചപ്പോള്‍, ദുര്‍വ്യാഖ്യാനം ചെയ്യേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ വിഷയം വന്നില്ലെങ്കില്‍ അഴിമതി തുടരാന്‍ വിടുകയല്ലേ ചെയ്യുകയെന്നും സസ്‌പെന്‍ഷന്‍ നടപടി കൗണ്‍സിലര്‍മാര്‍ പത്രങ്ങളിലൂടെ അറിയുന്നത് നാണക്കേടാണെന്നും നടപടികള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചില പുഴുക്കുത്തുകളുണ്ടെന്നും അതു കണ്ടെത്തി അപ്പപ്പോള്‍ പരിഹരിക്കുമെന്നും എം പി ബാലകൃഷ്ണന്‍ പറഞ്ഞു. ഒടുവില്‍ സംസാരിച്ച പി കെ രാഗേഷ്, തന്റെ ഭാഗത്തുനിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടില്ലെന്നും അങ്ങനെ ഉണ്ടായെന്നു കണ്ടെത്തിയാല്‍ എവിടെയും മാപ്പ് പറയാന്‍ തയ്യാറാണെന്നും ചൂണ്ടിക്കാട്ടി. ഇരുഭാഗത്തുനിന്നും ആരോപണ-പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ഉദ്യോഗസ്ഥനെതിരായ നടപടിയെ അംഗീകരിക്കുകയായിരുന്നു. അതിനിടെ, കോര്‍പറേഷന്‍ പരിസരത്ത് പി കെ രാഗേഷിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഡെപ്യൂട്ടി മേയര്‍ രാജിവയ്ക്കണമെന്നാണ് യൂത്ത് ഫോറത്തിന്റെ പേരിലുള്ള പോസ്റ്ററിലെ ആവശ്യം. പ്രധാനമന്ത്രി ആവാസ് യോജന (പിഎഎംവൈ) പദ്ധതിയില്‍ വീട് വയ്ക്കാനുള്ള അപേക്ഷകളിന്‍മേല്‍ ഉടന്‍ അദാലത്ത് നടത്താനും തീരുമാനിച്ചു.

Next Story

RELATED STORIES

Share it