സലാലയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

അങ്കമാലി: ഒമാനിലെ സലാലയിലെ താമസസ്ഥലത്ത് മോഷ്ടാവിന്റെ കുത്തേറ്റു മരിച്ച മലയാളി നഴ്‌സായ കറുകുറ്റി സ്വദേശിനി ചിക്കുവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് കറുകുറ്റിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം കറുകുറ്റി ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.
ചിക്കുവിന്റെ മാതൃസഹോദരനും തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ ഷിബുവിന്റെ ഇടപെടലിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ടതു മൂലമാണ് ചിക്കുവിന്റെ മൃതദേഹം പെട്ടെന്നു നാട്ടിലെത്തിക്കാന്‍ കഴിയുന്നത്. നാലുമാസം ഗര്‍ഭിണിയായ ചിക്കു പ്രസവത്തിന് വരുന്നതു കാത്തിരിക്കുന്നതിനിടയിലാണ് മരണവാര്‍ത്ത എത്തിയത്. ദിവസവും ജോലിക്കു പോവുന്നതിനു മുമ്പ് വീട്ടിലേക്കു വിളിച്ച് വിശേഷം പങ്കുവയ്ക്കുന്ന മകളുടെ മരണവാര്‍ത്ത അറിഞ്ഞ പിതാവ് റോബര്‍ട്ടും കുടുംബാംഗങ്ങളും സംഭവറിഞ്ഞപ്പോള്‍ ഉണ്ടായ ഞെട്ടലില്‍ നിന്നു മുക്തരായിട്ടില്ല. ഒമാന്‍ സലാലയിലെ ബദര്‍ സല്‍മ ആശുപത്രിയില്‍ നാലുവര്‍ഷം മുമ്പ് ജോലിക്കു ചേര്‍ന്ന ചിക്കുവും ലി ന്‍സനും കഴിഞ്ഞ ഒക്ടോബര്‍ 24 നാണു വിവാഹിതരായത്. വിവാഹം കഴിഞ്ഞ ഉടന്‍ അവധി തീര്‍ന്നതുമൂലം ഇരുവരും ഒമാനിലെ ജോലിസ്ഥലത്തേക്ക് തിരിച്ചുപോയി. സലാലയിലെ ബദര്‍ സല്‍മ ആശുപത്രിയില്‍ ഓഫിസ് സ്റ്റാഫായി ലില്‍സനും നഴ്‌സായി ചിക്കുവും ജോലിചെയ്തു വരുകയായിരുന്നു. ലിന്‍സന് പകലും ചിക്കുവിന് രാത്രിയിലുമായിരുന്നു ജോലി. ബുധനാഴ്ച രാത്രി ചിക്കു ജോലിക്ക് എത്താ ന്‍ വൈകിയതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് താമസസ്ഥലത്ത് എത്തിയപ്പോഴാണ് കുത്തേറ്റ നിലയില്‍ കട്ടിലില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ചിക്കുവിനെ ഭര്‍ത്താവ് ലിന്‍സന്‍ കാണുന്നത്.'തുടര്‍ന്ന് ആശുപത്രിയി ല്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ഭര്‍ത്താവിനെയും പാക് സ്വദേശിയെയും ഒമാ ന്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തതായി വിദേശകാര്യ വക്താവ് അറിയിച്ചു. ഒമാന്‍ പോലിസിന്റെ അന്വേഷണം പുരോഗമിച്ചുവരുകയാണ്. ഇന്ത്യന്‍ എംബസി ഒമാന്‍ അധികൃതരുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി എടുക്കുമെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
മുഖ്യമന്ത്രി ഒമാന്‍ അംബാസഡര്‍ക്ക് കത്തെഴുതി

തിരുവനന്തപുരം: മസ്‌കത്തില്‍ സാമൂഹിക വിരുദ്ധര്‍ കൊലപ്പെടുത്തിയ ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡേയ്ക്കു കത്തെഴുതി. മസ്‌കത്തിലെ ബാദര്‍ അല്‍ സമ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന ചിക്കു എറണാകുളം ജില്ലക്കാരിയാണ്. മൃതദേഹം ഇപ്പോള്‍ ഇതേ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it