malappuram local

സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പ്രത്യേക കോണ്‍വക്കേഷന്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ പ്രത്യേക കോണ്‍വെക്കേഷന്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. സര്‍വകലാശാല ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ മാസത്തിലാണ് കോണ്‍വെക്കേഷന്‍ നടത്തുക.
വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രത്യേക കോണ്‍വെക്കേഷനില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഇതിന്റെ ചുമതലയും നിര്‍വഹണത്തിനുമായി സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിക്കും ചുമതല നല്‍കി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ കെ ഹനീഫ, ഡോ. സി എല്‍ ജോഷി, കെ ശ്യാം പ്രസാദ്, ഡോ. ടി എം വിജയന്‍, പ്രഫ. ആര്‍ ബിന്ദു, സര്‍വകലാശാല സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥര്‍ അടങ്ങിയതാണ് ഔദ്യോഗിക സമിതി. ഏകദേശം അറുപതിനായിരം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കാലിക്കറ്റിലെ എല്ലാ വിദ്യാര്‍ഥികളുടെയും പരീക്ഷ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇവരുടെ മൂല്യനിര്‍ണയും ഫലവും ധ്രുതഗതിയിലാക്കാന്‍ ആവശ്യമായ നടപടിക്കായി സിന്‍ഡിക്കറ്റ് തീരുമാനിച്ചു. ഇതനുസരിച്ച് മെയ് മൂന്നിനു മൂല്യനിര്‍ണയം ആരംഭിച്ച് മെയ് 10ന് പൂര്‍ത്തീകരിക്കും. വിദൂര വിഭാഗം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ പരീക്ഷാ ഫലങ്ങള്‍ ജൂണ്‍ 10നകം പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ കാര്യങ്ങള്‍ കുറ്റമറ്റ രീതിയിലാക്കുന്നതിന്റെ ഭാഗമായി പരീക്ഷാ ഭവനില്‍ ഒഴിവുള്ള അഞ്ച് പ്രോ ഗ്രാമര്‍മാരുടെ തസ്തികയില്‍ നിയമനം നടത്തും.
കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിയമനവുമായി ബന്ധപ്പെട്ട് കോടതിയില്‍ നിലവിലുള്ള കേസിന് ഹാജരാവുന്നതിന് സ്റ്റാന്റിങ് കൗണ്‍സിലറായ അഡ്വ. പി സി ശശിധരന് തന്നെ ചുമതല നല്‍കും.
കഴിഞ്ഞ ദിവസം വിസി തന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യുന്നതിനു മറ്റൊരു വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിസിയും സിന്‍ഡിക്കേറ്റും തമ്മില്‍ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. സര്‍വകലാശാലയുടെ എല്ലാ കേസുകളും കൈകാര്യം ചെയ്യുന്നത് സ്റ്റാന്റിങ് കൗണ്‍സിലായതിനാല്‍ വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട കേസും സ്റ്റാന്റിങ് കൗണ്‍സില്‍ നടത്തണമെന്നു സിന്‍ഡിക്കറ്റ് നിലപാടെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it