kozhikode local

സര്‍ക്കാര്‍ ലക്ഷ്യം സാമൂഹിക നീതിയിലൂന്നിയ വികസനം: മുഖ്യമന്ത്രി



കോഴിക്കോട്: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം സാമൂഹിക നീതിയിലൂന്നിയ വികസനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം എന്നാല്‍ നാടിന്റെയാകെ വികസനമായിരിക്കണം. ഏതെങ്കിലും പ്രത്യേക മേഖലയുടെ വികസനമല്ല സര്‍ക്കാര്‍ നയം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പാവങ്ങളിലേക്കും വികസനത്തിന്റെ ഗുണം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശികയടക്കം വിതരണം ചെയ്തത്. കശുവണ്ടി, കൈത്തറി, കയര്‍ തുടങ്ങിയ പരമ്പരാഗത മേഖലയിലെ തൊഴില്‍ സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. എല്‍പി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കൈത്തറി യൂനിഫോമുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് കൈത്തറി മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാനാണ്. അടുത്ത വര്‍ഷം ഇത് എട്ടാം തരം വരെ വ്യാപിപ്പിക്കും. 1957 ലെ ഇ എംഎസ് സര്‍ക്കാര്‍ അടിത്തറയിട്ട വികസന നയങ്ങളാണ് ഇന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്‍തുടരുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ലോകത്തിന് മാതൃകയായിരുന്നു. അത്തരം മാതൃകകള്‍ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പരിപാടിയില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it