സര്‍ക്കാര്‍ പരാജയം: ഹസന്‍

തിരുവനന്തപുരം: ഓഖി ദുരന്തനിവാരണ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഏകോപനമില്ലായ്മയാണ് പ്രധാന പ്രശ്‌നം. ഇത്രയും വലിയ ദുരന്തം സംഭവിച്ചിട്ടും അടിയന്തര മന്ത്രിസഭ ചേര്‍ന്നിട്ടില്ല. മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയില്ല. റവന്യൂ മന്ത്രിയെ കാണാന്‍പോലുമില്ല. കൃത്യമായ നിര്‍ദേശം ലഭിക്കാതെ ഉദ്യോഗസ്ഥരും വലയുന്നു. മുഖ്യമന്ത്രി ഇതുവരെ തൊട്ടടുത്തു കിടക്കുന്ന സംഭവസ്ഥലം പോലും സന്ദര്‍ശിച്ചിട്ടില്ല. വിലപ്പെട്ട സമയവും വിലപ്പെട്ട ജീവനുകളും നഷ്ടപ്പെടുത്തിയ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു.
2004ല്‍ സുനാമി ദുരന്തമുണ്ടായപ്പോള്‍ അന്ന് ഓരോ ദിവസവും മന്ത്രിസഭായോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും മുഖ്യമന്ത്രിമാരും മന്ത്രിമാരും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 29ന് ചീഫ് സെക്രട്ടറിക്ക് കാലാവസ്ഥാ വകുപ്പില്‍ നിന്നു ലഭിച്ച സന്ദേശം മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറിയിട്ടും അതിന്മേല്‍ അടയിരുന്ന അന്നു മുതല്‍ സര്‍ക്കാരിന്റെ വീഴ്ച ആരംഭിച്ചതാണ്. സര്‍ക്കാര്‍ ഈ വിഷയം ഗൗരവത്തോടെ എടുക്കുകയും മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ സ്ഥിതിഗതികള്‍ ഇത്ര വഷളാവില്ലായിരുന്നു. 30ന് ഉച്ചകഴിഞ്ഞാണ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ അന്നു രാവിലെ തന്നെ മല്‍സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
കേരളത്തിന്റെ തൊട്ടടുത്ത് കിടക്കുന്ന ലക്ഷദ്വീപിനെ സഹായിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ട്. ചുഴലിക്കാറ്റ് വന്‍നാശം വിതയ്ക്കുന്ന അവിടേക്ക് കേരളത്തില്‍ നിന്നോ കേന്ദ്രത്തില്‍ നിന്നോ ഒരു സഹായവും ലഭിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ലെന്നും ഹസന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it