kannur local

സര്‍ക്കാര്‍ ഏറ്റെടുക്കല്‍ ഉത്തരവ് ഉടനുണ്ടാവുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്; തിരഞ്ഞെടുപ്പിനു മുമ്പേ പരിയാരം ഭരണം വീണ്ടും സിപിഎമ്മിന്

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി വീണ്ടും സിപിഎം നിയന്ത്രണത്തിലേക്ക്. തിരഞ്ഞെടുപ്പില്‍നിന്ന് യുഡിഎഫ് വിട്ടുനിന്നതോടെയാണ് എല്‍ഡിഎഫ് പാനലിനു എതിരില്ലാതായത്. സൂക്ഷ്മ പരിശോധനയില്‍ പത്രികകളെല്ലാം അംഗീകരിച്ചു. പത്രിക പിന്‍വലിക്കാനുള്ള തിയ്യതി ഇന്നു വൈകീട്ട് അഞ്ചിനാണ്. 20നാണു തിരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്.
എതിര്‍ പാനലില്‍ ആരും പത്രിക നല്‍കാത്തതിനാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ചെയര്‍മാനെ തിരഞ്ഞെടുക്കുകയാണു ചെയ്യുക. സിപിഎം സംസ്ഥാന സമിതിയംഗവും നിലവിലുള്ള ചെയര്‍മാനുമായ എം വി ജയരാജന്‍ തദ്സ്ഥാനത്ത് തുടരാനാണു സാധ്യത. എം വി ജയരാജന്‍ ഉള്‍പ്പെടെ 11 പേരാണ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. ഇതില്‍ ഒരു സീറ്റ് സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിനാണ്. ഇടത് അനുകൂല സിഎംപിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ സി കെ നാരായണനാണു സീറ്റ് ലഭിച്ചത്. കഴിഞ്ഞ ഭരണസമിതിയിലെ ചെയര്‍മാന്‍ എം വി ജയരാജന്‍ ഉള്‍പ്പെടെ ആറുപേര്‍ നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്. വൈസ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍, ജില്ലാ പഞ്ചായത്തംഗം കെ പി ജയപാലന്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പ്രഫ. കെ എ സരള, മകള്‍ക്ക് എന്‍ആര്‍ഐ ക്വാട്ടയില്‍ പരിയാരത്ത് എംബിബിഎസ് സീറ്റ് നേടിയതുമായി ബന്ധപ്പെട്ട് വിവാദത്തിലുള്‍പ്പെടുകയും പാര്‍ട്ടിയില്‍ തരംതാഴ്ത്തുകയും ചെയ്ത ഡി ൈവഎഫ്‌ഐ മുന്‍ സംസ്ഥാന ഖജാഞ്ചി വി വി രമേശന്‍, ഗൗരി അന്തര്‍ജനം, ഡോ. കെ പ്രഭാകരന്‍, സിപിഎം മട്ടന്നൂര്‍ ഏരിയ മുന്‍ സെക്രട്ടറി പി പുരുഷോത്തമന്‍, മോറാഴ-കല്യാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് കെ ദാമോദരന്‍, ഏഴോം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗം ഉഷ എന്നിവരാണു പത്രിക നല്‍കിയത്. ദാമോദരനും ഉഷയും സ്ഥാപന പ്രതിനിധികളാവും.
2007ല്‍ കണ്ണൂരില്‍ നടന്ന തിരഞ്ഞെടുപ്പോടെയാണ് സിപിഎം പിന്തുണയുള്ള ഭരണസമിതി അധികാരം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പില്‍ അക്രമം നടക്കുകയും വിവാദമാവുകയും ചെയ്‌തെങ്കിലും കോടതി വിധി സിപിഎമ്മിന് അനുകൂലമായതോടെ എംവി രാഘവന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കോളജ് സിപിഎം പിടിച്ചെടുക്കുകയായിരുന്നു. ഇതിനു പിന്നാലെ മെഡിക്കല്‍ സീറ്റ് വിവാദവും ഉയര്‍ന്നതോടെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി. നിരവധി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പരിയാരം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കണ്ണൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ കലക്ടറെ ആസ്തി നിര്‍ണയത്തിനു ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കലക്ടറുടെ ഉപസമിതിയും റിപോര്‍ട്ട് നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും പരിയാരം ഏറ്റെടുക്കാത്തത് യുഡിഎഫില്‍ വിവാദത്തിനിടയാക്കിയിരുന്നു. അതിനിടെ, പുതിയ അധ്യയന വര്‍ഷത്തേക്കുള്ള മെഡിക്കല്‍ സീറ്റ് പ്രവേശനത്തിനു അനുമതി ലഭിച്ചു. എന്നാല്‍, ഏറ്റെടുക്കല്‍ പ്രക്രിയ അന്തിമഘട്ടത്തിലായതിനാലാണ് തിരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്‌കരിച്ചതെന്നും സൂചനയുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിയ്യതിക്കു മുമ്പ് തന്നെ ഏറ്റെടുത്തു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്നാണു യുഡിഎഫ് പ്രതീക്ഷ. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ സിപിഎം എതിര്‍ത്തിരുന്നില്ലെങ്കിലും ഇടതുനിയന്ത്രണത്തിലായ ശേഷം നടത്തിയ നിയമനങ്ങള്‍ തലവേദനയാവും. അധികമായി 200 ലേറെ ജീവനക്കാരെ നിയമിച്ചതായി ഉപസമിതി കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it