Flash News

സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി ; മധ്യവേനലവധി തീരുന്നതിന് മുമ്പെ സ്‌കൂളുകളില്‍ ക്ലാസ് ആരംഭിക്കുന്നു



എന്‍ എ ഷിഹാബ്

ആലപ്പുഴ: മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ നേതൃത്വത്തില്‍ ക്ലാസ് ആരംഭിക്കുന്നു. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയെന്ന ലക്ഷ്യത്തിലാണ് പല സ്‌കൂള്‍ അധികൃതരും ഇത്തരമൊരു സാഹസത്തിനൊരുങ്ങുന്നത്.  മാവേലിക്കര ചെറുകുന്നം എസ്എന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഈ മാസം 10ന് അവധിക്കാല ക്ലാസുകള്‍ ആരംഭിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം, സര്‍ക്കാര്‍ നടപടികളില്‍ നിന്ന് രക്ഷപ്പെടാനായി യൂനിഫോമോ വാഹന സൗകര്യമോ ഏര്‍പ്പെടുത്തിയിട്ടുമില്ല. രക്ഷിതാക്കളെയും കുട്ടികളെയും ആകര്‍ഷിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. കഴിഞ്ഞ മാസം 28നാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കത്ത് പരിഗണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളില്‍ വേനലവധിയിലെ ക്ലാസുകള്‍ നിരോധിച്ചു സര്‍ക്കുലര്‍ പുറത്തിറക്കിയത്. മാര്‍ച്ച് 28ന് ഇതുസംബന്ധിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കത്ത് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചിരുന്നു. മറ്റു തരത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാത്ത പക്ഷം മാര്‍ച്ച് മാസത്തെ അവസാനത്തെ പ്രവൃത്തി ദിനത്തില്‍ അടയ്‌ക്കേണ്ടതും ജൂണ്‍ മാസത്തെ ആദ്യ പ്രവൃത്തി ദിവസത്തില്‍ തുറക്കേണ്ടതുമാണെന്ന് ഉത്തരവില്‍ പറയുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് പിന്തുടരുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള ക്ലാസുകള്‍ നടത്തരുതെന്ന് എല്ലാ പ്രധാനാധ്യാപകര്‍ക്കും സര്‍ക്കുലറില്‍ കര്‍ശന നിര്‍ദേശം നല്‍കുന്നു. ഇത്തരത്തില്‍ ക്ലാസ് സംഘടിപ്പിക്കുന്ന സ്‌കൂള്‍ അധികാരികള്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. വേനല്‍ചൂട് മൂലം കുട്ടികള്‍ക്ക് സംഭവിക്കുന്ന അത്യാഹിതങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. കടുത്ത മല്‍സരം നിലനില്‍ക്കുന്ന സ്‌കൂളുകള്‍ക്കിടയില്‍ പരമാവധി കുട്ടികളെ സ്‌കൂളിലെത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് മധ്യവേനലവധി തീരുന്നതിന് 20 ദിവസം മുമ്പെ ക്ലാസുകള്‍ ആരംഭിക്കുന്നത്. മതസംഘടനകളുടെയും ട്രസ്റ്റുകള്‍ക്ക് കീഴിലും നടക്കുന്ന വിവിധ സ്‌കൂളുകളിലെല്ലാം ഇപ്രകാരം അവധി തീരുന്നതിന് മുമ്പെ ക്ലാസ് ആരംഭിക്കുക പതിവാണ്. സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ഇത്തരം നീക്കം ഏറ്റവും കൂടുതല്‍ തിരിച്ചടിയാവുക സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ്.
Next Story

RELATED STORIES

Share it