thrissur local

സര്‍ക്കാരിന്റെ കെട്ടിടനിയന്ത്രണ ചട്ടം പോസ്റ്റോഫിസിന് തുണയാവും

തൃശൂര്‍: പട്ടാളം റോഡ് കുപ്പികഴുത്ത് പൊട്ടിക്കല്‍ പ്രതിസന്ധിയില്‍ ഒരു പ്രശ്‌നത്തിന് പരിഹാരമായി. സര്‍ക്കാരിന്റെ പുതിയ കെട്ടിടനിയന്ത്രണചട്ട ഉത്തരവനുസരിച്ച് നിര്‍ദിഷ്ട പോസ്റ്റോഫിസ് കെട്ടിട നിര്‍മാണം സാധ്യമാകും. പട്ടാളം റോഡ് വികസനത്തിന് പോസ്റ്റല്‍ വകുപ്പ് വിട്ടുനല്‍കുന്ന 16.5 സെന്റ് സ്ഥലത്തിനും കെട്ടിടത്തിനും പകരമായി 16.5 സെന്റ് സ്ഥലവും 3500 ചതുരശ്ര അടിയില്‍ ഒരു നിലയില്‍ കെട്ടിടവും നിര്‍മിച്ചു നല്‍കാമെന്നായിരുന്നു കോര്‍പറേഷനുമായുള്ള രേഖാമൂലമുള്ള ധാരണ. എന്നാല്‍ കെട്ടിട നിയന്ത്രണ ചട്ടമനുസരിച്ച് 40 ശതമാനം സ്ഥലത്തേ കെട്ടിടം നിര്‍മിക്കാനാവൂ എന്നതിനാല്‍ ഒരു നിലയില്‍ കോര്‍പറേഷന്‍ ചെലവില്‍ 2900 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരുനിലയേ ഇവിടെ പണിയാനാവൂ എന്നതായിരുന്നു പ്രതിസന്ധി. പോസ്റ്റല്‍ വകുപ്പാണെങ്കില്‍ കോര്‍പറേഷന്‍ ചെലവില്‍ 3500 ചതുരശ്ര അടിയില്‍ താഴെ നിലയും അതിനുമുകളില്‍ മൂന്ന് നിലകളുമാണ് അംഗീകരിച്ച് നല്‍കിയിരുന്നത്. ചട്ടം പാലിക്കാന്‍ പ്ലാന്‍ മാറ്റണമെന്നായിരുന്നു കോര്‍പറേഷന്‍ നിലപാട്. അതനുസരിച്ച് പ്ലാന്‍ മാറ്റാന്‍ പോസ്റ്റല്‍ വകുപ്പ് അധികൃതര്‍ കേന്ദ്രത്തിലേക്കു കത്തയച്ച് അനുമതിക്കായി കാത്തിരിപ്പിലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോഴിറക്കിയ ഉത്തരവില്‍ നിയമത്തില്‍ മാറ്റം വരുത്തി. 40ന് പകരം 70 ശതമാനം വരെ സ്ഥലം കെട്ടിടനിര്‍മാണത്തിനായി പ്രയോജനപ്പെടുത്താമെന്നാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ്. ഇതനുസരിച്ച് 3500 ച.അടിയില്‍ കെട്ടിടനിര്‍മാണത്തിന് തടസ്സമില്ല.അതേസമയം കോര്‍പറേഷനുമായി ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സമയ പരിധി മൂന്ന് മാസമായിരുന്നു. സമയം കഴിഞ്ഞതിനാല്‍ കേന്ദ്രത്തില്‍നിന്ന് സമയപരിധി നീട്ടി ലഭിക്കേണ്ടതുണ്ട്. ഇതിനായും പോസ്റ്റല്‍ വകുപ്പ് കേന്ദ്രത്തിന് കത്തയച്ചിരിക്കയാണ്. പട്ടാളം റോഡ് സംവിധാനം ചെയ്തതില്‍ ടൗണ്‍ പ്ലാനിങ്ങ് വിഭാഗത്തിനുണ്ടായ വീഴ്ച തിരുത്തണമെന്ന ആവശ്യവും പോസ്റ്റല്‍ അധികൃതര്‍ ഉന്നയിച്ചിട്ടുണ്ട്. പോസ്റ്റോഫിസിന് അനുവദിച്ച സ്ഥലത്തിന് മുന്നില്‍ ആറ് മീറ്റര്‍ വീതിയില്‍ കോര്‍പറേഷന്‍ പുറമ്പോക്കു സ്ഥലം കിടക്കുന്നതു ഭാവിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഡിടിപി സ്‌കീം അനുസരിച്ച് റോഡ് പുനസംവിധാനം ചെയ്ത് റോഡരികില്‍തന്നെ സ്ഥലം നല്‍കണമെന്നുമാണ് പോസ്റ്റല്‍ അധികൃതരുടെ ആവശ്യം.
Next Story

RELATED STORIES

Share it