സര്‍ക്കാരിനും ഹജ്ജ് കമ്മിറ്റിക്കും നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്ര ഹജ്ജ് നയം ചോദ്യം ചെയ്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും നോട്ടീസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീരുമാനിച്ചു. നയരൂപീകരണവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷം ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കോടതി വ്യക്തമാക്കി. നാലുവര്‍ഷം ഹജ്ജിന് അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവരുടെ കാര്യത്തില്‍ അനുകൂലമായ നിലപാട് എടുത്താല്‍ അവരെ പ്രത്യേക കാറ്റഗറിയായി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. കേസ് ജനുവരി മൂന്നിന് വീണ്ടും പരിഗണിക്കും. തുടര്‍ച്ചയായി നാലുതവണ അപേക്ഷിച്ചിട്ടും അവസരം കിട്ടാത്തവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കണമെന്ന നയം മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യ ചെയ്താണ് ഹജ്ജ് കമ്മിറ്റി ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ക്വാട്ട 30 ശതമാനമായി വര്‍ധിപ്പിച്ച ഉന്നതല സമിതി ശുപാര്‍ശ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയേയും ഹജ്ജ് കമ്മിറ്റി കോടതിയില്‍ എതിര്‍ത്തു. നേരത്തെ, മോത്തം ക്വാട്ടയുടെ 75 ശതമാനം സര്‍ക്കാര്‍ ക്വാട്ടയിലും 25 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമാണ് നല്‍കിയിരുന്നത്. പുതിയ ഹജ്ജ് നയത്തില്‍ ഇത് സര്‍ക്കാര്‍ ക്വാട്ടയില്‍ 70ഉം  സ്വകാര്യ മേഖലയില്‍ 30ഉം ആയി നിജപ്പെടുത്തി സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെ സഹായിക്കുന്ന നടപടിയാണ് കേന്ദ്രം എടുത്തിരിക്കുന്നത്. 70 വയസ്സ് കഴിഞ്ഞവര്‍ക്കും നാലു തവണ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവര്‍ക്കും നറുക്കടുപ്പില്ലാതെ അവസരം നല്‍കണമെന്ന തല്‍സ്ഥിതി നിലനിര്‍ത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. 2013 ഏപ്രില്‍ 16ന് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അംഗീകരിച്ച 2013-2017ലെ ഹജ്ജ് നയത്തില്‍ ഉണ്ടായിരുന്ന ഈ കാറ്റഗറികള്‍ ഒഴിവാക്കിയെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.  കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെടെ 21 എംബാര്‍ക്കേഷന്‍ പോയിന്റുണ്ടായിരുന്നത് വെട്ടിച്ചുരുക്കിയത് പുനസ്ഥാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it