സരിത തിരുവഞ്ചൂരിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി പ്രൈവറ്റ് സെക്രട്ടറി

കൊച്ചി: അറസ്റ്റിലാവുന്നതിന് രണ്ടു ദിവസം മുമ്പ് തന്റെ സങ്കടങ്ങള്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അറിയിക്കുന്നതിനു വേണ്ടി സരിത എസ് നായര്‍ തന്റെ ഫോണില്‍ വിളിച്ചിരുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി വി കെ രവീന്ദ്രന്‍ സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുമ്പാകെ മൊഴിനല്‍കി.
ലക്ഷ്മി എന്നു പരിചയപ്പെടുത്തിയ ഒരു സ്ത്രീ മൂന്നു തവണ തന്നെ ഫോണില്‍ വിളിച്ചിരുന്നു. ചില അവസരങ്ങളില്‍ അവരുടെ കോളുകള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കല്‍ ഫോണില്‍ മിസ്ഡ് കോള്‍ കണ്ട് തിരിച്ചു വിളിച്ചപ്പോള്‍ ലക്ഷ്മിയാണെന്ന് അറിയിക്കുകയും ആഭ്യന്തരമന്ത്രിയോട് അവരുടെ സങ്കടങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്നും അദ്ദേഹത്തെ കാണാനും അനുവാദം ചോദിച്ചിരുന്നു. മന്ത്രി ടൂറിലല്ലാത്തപ്പോള്‍ ഉണ്ടാവാറുള്ള എല്ലാ സ്ഥലങ്ങളും പറഞ്ഞുകൊടുക്കുകയും മന്ത്രിക്ക് വിശദമായ ഒരു പരാതി നല്‍കാ ന്‍ ഉപദേശിക്കുകയും ചെയ്തു. ആ സമയത്ത് സോളാര്‍ കേസിലെ പ്രതിയാണ് ഈ ലക്ഷ്മിയെന്നറിയപ്പെട്ടിരുന്ന സരിതയെന്ന് തനിക്കറിയില്ലായിരുന്നു. പിന്നീട് അവര്‍ മന്ത്രിയെ കണ്ടിരുന്നോ എന്നും സങ്കടഹരജി നല്‍കിയിരുന്നോ എന്നും തനിക്കറിയില്ല. സരിതയെ താന്‍ കണ്ടിട്ടില്ലെന്നും മന്ത്രിയുടെ ഓഫിസിലോ ഔദ്യോഗിക വസതിയിലോ കാണുകയുണ്ടായിട്ടില്ലെന്നും രവീന്ദ്രന്‍ മൊഴി നല്‍കി.
കോയമ്പത്തൂരില്‍ തെളിവെടുപ്പിനു കൊണ്ടുപോവാനായി ബിജു രാധാകൃഷ്ണനെ പൂജപ്പുര ജയിലില്‍ നിന്നെത്തിച്ച നാര്‍ക്കോട്ടിക്‌സ് എസ്‌ഐ രാജ്കുമാറിനെയും കമ്മീഷന്‍ വിസ്തരിച്ചു.
അന്നേദിവസം രാവിലെ 9 മണിക്ക് പ്രതിയെ കമ്മീഷനില്‍ ഹാജരാക്കാമെന്ന് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജയിലധികൃതര്‍ തനിക്ക് നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും അദ്ദേഹം കമ്മീഷനില്‍ മൊഴി നല്‍കി.
Next Story

RELATED STORIES

Share it