സമ്പദ്‌വ്യവസ്ഥ വലിയ തകര്‍ച്ച നേരിടുന്നതായി സാമ്പത്തിക പ്രമേയം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വലിയ തകര്‍ച്ച നേരിടുന്നതായി കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക പ്രമേയം. ഒരു രാഷ്ട്രം ഒരു നയം എന്ന കേന്ദ്രസര്‍ക്കാര്‍ പോളിസിയേയും കോണ്‍ഗ്രസ്സിന്റെ പ്ലീനറി യോഗത്തില്‍ അവതരിപ്പിച്ച സാമ്പത്തിക പ്രമേയം രൂക്ഷമായി വിമര്‍ശിക്കുന്നു. ഇന്ത്യയുടെ വൈവിധ്യത്തിനു നേരെ കണ്ണടച്ചുള്ളതാണ് ബിജെപിയുടെ സാമ്പത്തിക തത്വശാസ്ത്രമെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. പ്ലീനറി സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരമാണ്  പ്രമേയം അവതരിപ്പിച്ചത്. വി ഡി സതീശന്‍ പിന്താങ്ങി.
ബിജെപി സര്‍ക്കാര്‍ സാമ്പത്തിക രംഗം തകര്‍ത്തു.  ഇത് രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടത്തിന് കാരണമായി. സാമ്പത്തിക മേഖല തകര്‍ന്നതോടെ, ദശലക്ഷക്കണക്കിന്  വരുന്ന കര്‍ഷകരുടെ വരുമാനം മുട്ടി. നിര്‍മാണ മേഖല തകര്‍ന്നു. ലോക സമ്പദ്‌വ്യവസ്ഥ മുന്നോട്ട് പോവുമ്പോഴും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പിറകോട്ടു പോയെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു.
നോട്ട് നിരോധനം ഏര്‍പ്പെടുത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും തിരികെയെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന ആര്‍ബിഐയുടെ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് ചിദംബരം  പരിഹസിച്ചത്. തിരുപ്പതി ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നവരുടെ സഹായം റിസര്‍വ് ബാങ്ക് ആവശ്യപ്പെടണമെന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം. ജിഎസ്ടി നടപ്പിലാക്കിയ രീതിയേയും സാമ്പത്തിക പ്രമേയം കുറ്റപ്പെടുത്തി. സംസ്ഥാന കേന്ദ്രബന്ധങ്ങളുടെ തത്വങ്ങള്‍ കേന്ദ്രം ലംഘിച്ചുവെന്നും പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്.
Next Story

RELATED STORIES

Share it