kozhikode local

സമൂഹം കടന്നുപോവുന്നത് ഭീതിദമായ അവസ്ഥയിലൂടെ: സാറാ ജോസഫ്‌



കോഴിക്കോട്: പേടിപ്പെടുത്തുന്ന അന്തരീക്ഷത്തിലൂടെയും അവസ്ഥയിലൂടെയുമാണ് സമൂഹം കടന്നുപോകുന്നതെന്ന് ചിന്തകയും സാഹിത്യകാരിയുമായ പ്രഫ. സാറാ ജോസഫ്. ജനാധിപത്യത്തെ പരിമിതപ്പെടുത്തി ഇല്ലാതാക്കികൊണ്ടിരുന്നപ്പോഴും ചെറിയ ആശ്വാസം അനുഭവിച്ചിരുന്നു ഇന്ത്യക്കാര്‍. പക്ഷേ ശ്വസിക്കുന്ന വായു പോലും പേടിപ്പെടുത്തുന്ന അവസ്ഥയാണുള്ളത്. ലളിത കലാ അക്കാദമിയില്‍ നടന്നു വരുന്ന വി.മോഹനന്റെ ഉറങ്ങാത്ത നിലവിളികള്‍ എന്ന ചിത്രപ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കലയും രാഷ്ട്രീയവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വികസനത്തിനു പണം കണ്ടെത്താനാണ് പെട്രോള്‍ വില വര്‍ധനയെന്നാണ് പറയുന്നത്. കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വികസനമാണ് നടക്കുന്നത്. അയുക്തികരവും വളരെ മോശപ്പെട്ടതുമായ നയങ്ങളാണ് കൊണ്ടുവരുന്നത്. നെഹ്‌റുവിയന്‍ വികസന നയത്തിന്റെ തുടര്‍ച്ച കര്‍ഷകരെയും ദലിത് തൊഴിലാളി വിഭാഗങ്ങളെയും തുടച്ചു നീക്കുന്ന അതിഭീകരരൂപം പ്രാപിച്ചിരിക്കയാണ്. മൃഗങ്ങള്‍ക്കും രക്ഷയില്ലാത്ത രീതിയിലാണ് മുന്നോട്ട് പോകുന്നത്. മനുഷ്യനാണ് വലുത് , നിലനില്‍പാണ് പ്രശ്‌നം എന്ന് മനസ്സിലാക്കി ശബ്ദിക്കാന്‍ കലാകാരന്‍മാരും സാഹിത്യകാരന്‍മാരും മുന്നോട്ട് വരണം. പരിസ്ഥിതിയുടെ നിലനില്‍പിന് വേണ്ടി പൊരുതണം. പൂമണമുള്ള കാറ്റോ ചെളി ഗന്ധമുള്ള മണ്ണോ ഇല്ലാതായിരിക്കുന്നു. മനുഷ്യ ജീവിത ദുരന്തങ്ങളോട് എതിരിട്ടതും അസ്വസ്ഥകളോട് ഇടഞ്ഞതും സാഹിത്യകാരന്‍മാരായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ദലിത് സാഹിത്യരംഗത്ത് ഉണ്ടായിട്ടുള്ള ഉണര്‍വ്വിനോടൊപ്പമെത്താന്‍ കേരളത്തലെ പ്രമാണിമാര്‍ക്ക് കഴിഞ്ഞിട്ടില്ല. കലയും സാഹിത്യവും ജനാധിപത്യപരമായി സമീപിക്കുന്ന അവസ്ഥ വരണം.ഭാഷയും സാഹിത്യവും സമൂഹത്തെ പഠിപ്പിക്കേണ്ട , തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ മതി എന്ന് പറയുന്നതിലെ നിക്ഷിപ്ത താല്‍പര്യത്തെ തിരിച്ചറിയണം-സാറാ ജോസഫ് പറഞ്ഞു. കലയിലെ എഴുപതുകള്‍ - പുനര്‍വിചാരങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡോ. സി.എസ്.വെങ്കിടേശ്വരന്‍ ആശയാവതരണം നടത്തി. പി.എന്‍ .ദാസ്, കവിതാ ബാലകൃഷ്ണന്‍, ദിലീപ് രാജ്,  ബാലചന്ദ്രന്‍ ചുള്ളിക്കാട് സംസാരിച്ചു.     കവിതാ സായാഹ്ന ത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്, വീരാന്‍കുട്ടി, കവിതാ ബാലകൃഷ്ണന്‍, കെ.സി.അലവിക്കുട്ടി, ആശാലത, ഗാര്‍ഗി, കല്‍പറ്റ നാരായണന്‍, വി.പി.ഷൗക്കത്തലി, വി.ടി.ജയദേവന്‍ , അവിനാഷ് ഉദയബാനു പങ്കെടുത്തു. ഇന്ന് വൈകുന്നേരം ഏഴിന് ഡോക്യുമെന്ററി പ്രദര്‍ശനത്തോയെ സമാപിക്കും.
Next Story

RELATED STORIES

Share it