Flash News

സമരത്തിലെ തീവ്രവാദികള്‍ ആരെന്ന് പോലിസ് വ്യക്തമാക്കണം: കാനം രാജേന്ദ്രന്‍

കൊച്ചി: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പോലിസിലെ ചിലരെങ്കിലും ശ്രമിക്കുന്നുണ്ടെന്നും പുതുവൈപ്പ് സമരത്തിലെ തീവ്രവാദികള്‍ ആരെന്ന് പോലിസ് വ്യക്തമാക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുതുവൈപ്പിലെ സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ഹൈക്കോടതി ജംഗ്ഷനില്‍ സമരവുമായി എത്തിയവര്‍ക്കു നേരെ പോലിസ് ലാത്തിയടി നടത്തിയതെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. 16ന് ഡല്‍ഹിയിലിരിക്കുന്ന പ്രധാനമന്ത്രിയെ വൈപ്പിന്‍കാര്‍ എങ്ങനെയാണ് തടയുന്നത്. ഹൈക്കോടതി ജംഗ്ഷനില്‍ അറസ്റ്റു ചെയ്ത് പോലിസ് വാഹനത്തില്‍ കയറ്റിയ സ്ത്രീകളടക്കമുള്ളവരെ പോലിസ് മര്‍ദിച്ചു. പോലിസ് മര്‍ദനം ന്യായീകരിക്കുന്നതിനാണ് സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് പറയുന്നത്. വൈപ്പിനില്‍ നിന്ന് അറസ്റ്റു ചെയ്ത സ്ത്രീകളടക്കമുള്ളവരുടെ പേരുവിവരങ്ങള്‍ പോലിസിന്റെ പക്കലുണ്ട്. ഇവരുടെയിടയില്‍ തീവ്രവാദികള്‍ ആരെന്ന് പോലിസ് വ്യക്തമാക്കണം.  പ്രശ്‌നത്തില്‍ ന്യായമായ പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
പി സി ജോര്‍ജ് എംഎല്‍എ
കൊച്ചി: തലചായ്ക്കാന്‍ ഒരു തുണ്ട് ഭൂമി ആവശ്യപ്പെട്ടും കൈവശഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും ആരെങ്കിലും സമരരംഗത്തിറങ്ങിയാല്‍ അവരെയാകെ തീവ്രവാദികളായി ചിത്രീകരിച്ച് പോലിസിനെ അഴിച്ചുവിടുന്ന സമീപനത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തിരിയണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ്് എംഎല്‍എ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമം ന്യായീകരിക്കുവാന്‍ പരിഷ്‌കൃത സമൂഹത്തിനാവില്ലെന്നും പി സി ജോര്‍ജ്് പറഞ്ഞു. സമരപ്പന്തല്‍ പി സി ജോര്‍ജ് സന്ദര്‍ശിച്ചു.
കാംപസ് ഫ്രണ്ട്
വൈപ്പിന്‍: പുതുവൈപ്പ് ജനതയുടെ ഐഒസി വിരുദ്ധ സമരത്തിന് കാംപസ്ഫ്രണ്ട് ഐക്യദാര്‍ഢ്യം. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ, ജില്ലാ പ്രസിഡന്റ് സി എം ഫസല്‍, സെക്രട്ടറി ആരിഫ് ബിന്‍സലീം തുടങ്ങിയവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു പിന്തുണ പ്രഖ്യാപിച്ചു. നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് ഐഒസി പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും തടയുമെന്ന് സമരസമിതി കണ്‍വീനര്‍ മുരളി സന്ദര്‍ശക സംഘത്തോട് പറഞ്ഞു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള പിണറായി സര്‍ക്കാരിന്റെ മനോഭാവം കോര്‍പറേറ്റുകളുടേതാണെന്നും അതിനെ ശക്തമായി ചെറുത്ത് തോല്‍പിക്കാന്‍ കാംപസ് ഫ്രണ്ട് മുന്നിലുണ്ടാവുമെന്നും മുഹമ്മദ് രിഫ സമരസമിതിക്ക് ഉറപ്പു നല്‍കി.
വെല്‍ഫെയര്‍ പാര്‍ട്ടി
കൊച്ചി: ജനകീയ സമരങ്ങളെ തീവ്രവാദ ബന്ധം ആരോപിച്ച് അട്ടിമറിക്കുന്ന നടപടി അനുവദിക്കില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. പുതുവൈപ്പില്‍ നടന്ന ജനകീയ സമരത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന പോലിസ് ആരോപണം കെട്ടിച്ചമച്ചതാണെന്ന്  നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പുതുവൈപ്പ്  സമരത്തിന് കൂടുതല്‍ പിന്തുണയുണ്ടാവുമെന്ന് നേതാക്കള്‍ അറിയിച്ചു. സജീദ് ഖാലിദ്, സമദ്, ജ്യോതിവാസ്, സാദിഖ്  പങ്കെടുത്തു.
Next Story

RELATED STORIES

Share it