Flash News

സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍ മൂഢ സ്വര്‍ഗത്തില്‍ : ബി ആര്‍ പി ഭാസ്‌കര്‍



കൊച്ചി:  ദുഷ്പ്രചരണങ്ങള്‍ നടത്തി  ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കര്‍. പുതുവൈപ്പ് ഐഒസി എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍  എറണാകുളം രാജേന്ദ്ര മൈതാനത്ത് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യസന്ധമായ രീതിയില്‍ സമരക്കാരെ സമീപിക്കണം. ഇതിനു പകരം ദേശദ്രോഹികളാണ്, വികസനവിരോധികളാണ്, തീവ്രവാദികളാണ് എന്ന തരത്തില്‍ ദുഷ്പ്രചരണങ്ങള്‍ നടത്തി ഇത്തരം ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് 2017ലും ഭരണാധികാരികള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ മൂഢസ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. ജനാധിപത്യസമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉയരുമ്പോള്‍ ജനാധിപത്യ രീതിയില്‍ പരിഹാരം കാണാന്‍ ഭരണാധികാരികള്‍ക്ക് ചുമതലയുണ്ട്.  കേരളത്തിന് ആശങ്കകള്‍ നല്‍കുന്ന ചില ചരിത്രങ്ങള്‍ ഉണ്ട്. അതിന് ഒരു ഉദാഹരണമാണ് കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു. വികസനപദ്ധതികള്‍ നിരവധിയാളുകളുടെ ജീവിതത്തെ ദുസ്സഹമാക്കുകയോ അസാധ്യമാക്കുകയോ ചെയ്യുകയാണ്. അവരെ ഉചിതമായ രീതിയില്‍ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സെക്രേട്ടറിയറ്റിലിരുന്ന് കടലാസിലെഴുതിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവില്ലെന്നും ബി ആര്‍ പി ഭാസ്‌കര്‍ പറഞ്ഞു. നിസ്സഹായരായ ജനങ്ങളെ വികസനവിരോധികളെന്നും തീവ്രവാദികളെന്നും ചിത്രീകരിക്കുന്നത് തെറ്റായ നടപടിയാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കാതെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയും ഏകപക്ഷീയമായി നടത്തുന്ന  മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരേ ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന പുതിയ രീതി ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടുത്തകാലത്ത് നടന്ന ജിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ മാതാവും കുടുംബാംഗങ്ങളും നടത്തിയ സമരത്തെ കേരളം പിന്തുണച്ചപ്പോഴും ഇതിനു പിന്നിലും തീവ്രവാദികളാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഭരണകൂട ഭീകരതയുടെ യഥാര്‍ഥമുഖമാണ് പുതുവൈപ്പ്  സമരക്കാര്‍ക്കെതിരേ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it