സമദൂര സിദ്ധാന്തം രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമയാവാനല്ല: മാര്‍ ജോസഫ് കാരിക്കശ്ശേരി

കൊച്ചി: ലത്തീന്‍സഭ രാഷ്ട്രീയത്തില്‍ സമദൂര സിദ്ധാന്തം സ്വീകരിച്ചത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും അടിമയായി നില്‍ക്കാനല്ലെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെഎല്‍സിഎ) സംസ്ഥാന ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തില്‍ വോട്ടുകള്‍ നിര്‍ണായകമാണെന്ന് സമുദായം തിരിച്ചറിയണം. അതു വേണ്ട പോലെ ഉപയോഗിക്കാനും കഴിയണം. പൊതുജീവിതത്തില്‍ നിന്നു രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല. സമുദായത്തില്‍ നിന്നുള്ളവര്‍ സമൂഹത്തിന്റെ മുന്‍നിരയിലെത്തിയാലേ കാലങ്ങളായി നേരിടുന്ന അവഗണന മറി കടക്കാന്‍ കഴിയൂ. സമുദായത്തില്‍ നിന്നു നേതാക്കള്‍ ഉയര്‍ന്ന് വരണം. രാഷ്ട്രീയത്തെ അതിനായി ഉപയോഗപ്പെടുത്തുകയാണ് മറ്റു പല സമുദായങ്ങളും ചെയ്തത്. സമുദായാംഗങ്ങള്‍ തമ്മിലുള്ള വേര്‍തിരിവുകള്‍ മൂലമാണ് അവകാശങ്ങള്‍ പലതും ലഭിക്കാതെ പോയത്. അത് സമുദായത്തെ അവശ വിഭാഗമാക്കി മാറ്റി. അല്‍മായര്‍ ഉണരാതെ ഈ അവശത മാറില്ലെന്നു തിരിച്ചറിയണം. നമ്മുടെ കൂടെ വലിയ ശക്തിയുണ്ടെന്ന കാര്യം സമുദായ നേതാക്കള്‍ അണികളെ ബോധവല്‍കരിക്കണം. ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ പോലും നിഷേധിക്കുന്നതിനെതിരേ ഒറ്റക്കെട്ടായി പടപൊരുതാന്‍ കഴിയണം.
എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടേയും സ്ഥിതി ഏറെ മോശമാണ്. മറ്റു സമുദായങ്ങളെ വിദ്യാസമ്പന്നരും സംസ്‌കാര സമ്പന്നരുമാക്കിയ ക്രൈസ്തവ വിഭാഗങ്ങള്‍ ഇന്ന് സമൂഹത്തില്‍ ഏറെ പിന്തള്ളപ്പെട്ടിരിക്കുകയാണ്. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ ക്രൈസ്തവര്‍ ഓരോ ദിവസവും പിന്തള്ളപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി പിന്നാക്ക ജനവിഭാഗങ്ങളും സാമൂഹിക നീതിയും എന്ന വിഷയത്തില്‍ ജോയ് ഗോതുരുത്ത് പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി നെല്‍സണ്‍ കോച്ചേരി പ്രവര്‍ത്തന റിപോര്‍ട്ടും ഖജാഞ്ചി രതീഷ് ആന്റണി സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു.
സഭാതല ഉപദേഷ്ടാവ് ഫാ. ജോയി ചക്കാലയ്ക്കല്‍ ആമുഖ പ്രഭാഷണം നടത്തി. പുതിയ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജനറല്‍ കൗണ്‍സിലും നടന്നു. കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it