സമഗ്രാന്വേഷണം നടത്തണം: കേന്ദ്രമന്ത്രി

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കിടെയുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കപ്പല്‍ശാലാ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. മൂലകാരണം കണ്ടെത്തി റിപോര്‍ട്ട് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തില്‍ സമര്‍പ്പിക്കണം. അപകടമുണ്ടായ കപ്പലും സ്ഥലവും സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിനായി കൊച്ചി കപ്പല്‍ശാല ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സും സംസ്ഥാന സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ട്. ഈ റിപോര്‍ട്ടെല്ലാം കിട്ടിയതിനുശേഷം സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കും. വാതകച്ചോര്‍ച്ചയാണ് അപകടത്തിനു കാരണം. അതിന്റെ കാരണം കണ്ടെത്തേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്നലെ രാവിലെ 7.30ഓടെയാണ് പൊന്‍ രാധാകൃഷ്ണന്‍ കൊച്ചി കപ്പല്‍ശാലയിലെ ഡ്രൈഡോക്കിലെത്തിയത്. സിഎംഡി മധു എസ് നായരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
അപകടം നടന്ന കപ്പല്‍ശാലയിലും പൊട്ടിത്തെറിയുണ്ടായ കപ്പലിലും ഫോറന്‍സിക് വിഭാഗവും ഇന്നലെ പരിശോധന നടത്തി. ഫോറന്‍സിക് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇവര്‍ക്കൊപ്പം ഉന്നത പോലിസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അപകടവിവരം കപ്പല്‍ശാലാ അധികൃതര്‍ യഥാസമയം പോലിസിനെ അറിയിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്.
രാവിലെ 9.15ഓടെയാണ് കപ്പലില്‍ പൊട്ടിത്തെറിയുണ്ടായത്. എന്നാല്‍, പോലിസ് വിവരം അറിയുന്നത് 10.45ഓടെയാണ്. അപകടത്തില്‍പ്പെട്ടവരെ എത്തിച്ച സ്വകാര്യ ആശുപത്രിയില്‍നിന്നാണ് പോലിസിനെ വിവരമറിയിച്ചത്. അപകടം നടന്ന ഉടനെ കപ്പല്‍ശാലാ അധികൃതര്‍ എന്തുകൊണ്ടാണ് പോലിസിനെ വിവരം അറിയിക്കാതിരുന്നത് എന്നതു സംബന്ധിച്ചും അന്വേഷണം നടത്തും.
Next Story

RELATED STORIES

Share it