സഭാ നേതൃത്വത്തിനെതിരേ മാര്‍പാപ്പയ്ക്ക് പരാതി നല്‍കാനൊരുങ്ങുന്നു

കൊച്ചി: ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിവാദം ചൂടുപിടിക്കുന്നു. സഭാ നേതൃത്വത്തിനെതിരേ മാര്‍പാപ്പയ്ക്ക് ഒരുവിഭാഗം വൈദികര്‍ പരാതിനല്‍കാനൊരുങ്ങുന്നു.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്, മരട് മേഖലയിലെ ഏകദേശം മൂന്നര ഏക്കര്‍ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് വിവാദം പുകയുന്നത്. മെഡിക്കല്‍ കോളജ് തുടങ്ങുന്നതിനായി കാലടി ഭാഗത്ത് 24 ഏക്കര്‍ സ്ഥലം വാങ്ങാന്‍ ബാങ്കില്‍ നിന്നും 58 കോടി രൂപ കടം എടുത്തിരുന്നു.
ഇത് അടച്ചുതീര്‍ക്കാന്‍ കഴിയാതെ പലിശകൂടി തുക വര്‍ധിച്ചു. ഇതുസംബന്ധിച്ച് വൈദികരുടെ യോഗങ്ങളില്‍  എല്ലാ പ്രശ്‌നങ്ങളും ഉടന്‍ തീരുമെന്നാണ് സഭാനേതൃത്വം പറഞ്ഞിരുന്നതെന്ന് ഫാ. ജോസഫ് പാറേക്കാട്ടില്‍ തേജസിനോട് പറഞ്ഞു. ഈ കടം തീര്‍ക്കാനാണ് മൂന്നര ഏക്കര്‍ സ്ഥലം വില്‍ക്കുന്നത്. സെന്റിന് വെറും 9,05,000 രൂപയാണ് അടിസ്ഥാന വിലയിട്ടത്. സെന്റിന് അവിടെ 35 ലക്ഷം രൂപയോളം വിലയുണ്ട്. വില്‍പനയ്ക്ക് സ്വകാര്യ വ്യക്തിയെ ആണ് ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിന് എങ്ങനെയും വില്‍പന നടത്താം, പകരം സഭയ്ക്ക് 27 കോടി രൂപ നല്‍കണമെന്നതായിരുന്നു വ്യവസ്ഥ. നിലവിലെ മാര്‍ക്കറ്റ് വില അനുസരിച്ചാണ് വില്‍പനയെങ്കില്‍ 70 കോടിയോളം രൂപ സഭയ്ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ പ്രസ്തുത വ്യക്തി ഒമ്പതുകോടി രൂപ മാത്രമാണു നല്‍കിയത്. ബാക്കി 18 കോടി രൂപയ്ക്കു പകരം ഇദ്ദേഹത്തിന്റെ ദേവികുളത്തുള്ള 17 ഏക്കറും കോതമംഗലത്തുള്ള 25 ഏക്കറും ഈടായി നല്‍കി. ഇതിന് ഏകദേശം 24 കോടി രൂപ വരും. സഭയ്ക്ക് നല്‍കാനുള്ള 18 കോടി കഴിഞ്ഞ് ബാക്കി ആറുകോടി രൂപയും ഇദ്ദേഹം വാങ്ങി. ഈ പണവും സഭ കടമെടുത്താണു നല്‍കിയതെന്നും ഫാ. ജോസഫ് പാറേക്കാട്ടില്‍ പറഞ്ഞു.
വിവിധ സമിതികള്‍ ഉണ്ടായിട്ടും ഒറ്റ സമിതിയില്‍ പോലും ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് യാതൊരു വിധ ആലോചനയും സഭാ നേതൃത്വം നടത്തിയിട്ടില്ലെന്നും ഫാ. ജോസഫ് പാറേക്കാട്ടില്‍ ആരോപിച്ചു. സമിതികളെ നോക്കുകുത്തികളാക്കി രണ്ടോ മൂന്നോ പേര്‍ മാത്രം അറിഞ്ഞു നടത്തിയ ഭൂമി വില്‍പനയാണിത്്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും ഇതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. കടം വീട്ടാനാണ് ഭൂമി വിറ്റത്. എന്നാല്‍ ഇരട്ടി ബാധ്യതയായി മാറി എന്ന അവസ്ഥയിലാണു കാര്യങ്ങള്‍.
കഴിഞ്ഞ 21നു ചേര്‍ന്ന വൈദിക സമ്മേളനം ഭൂമി വില്‍പന വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതുപ്രകാരമാണ് മാര്‍പാപ്പയ്ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും ഒരു വിഭാഗം വൈദികര്‍ പറയുന്നു. അടുത്തദിവസം തന്നെ പരാതി മാര്‍പാപ്പയ്ക്ക് അയക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് സഭാ നേതൃത്വം നിയോഗിച്ച ആറംഗ കമ്മീഷന്‍ അന്വേഷണം നടത്തിവരികയാണെന്നും ജനുവരി 31വരെ കമ്മീഷനു സമയമുണ്ടെന്നും സഭാ നേതൃത്വവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. വിഷയം ശ്രദ്ധയില്‍പ്പെട്ട സമയത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട് രണ്ടു വൈദികരെ ചുമതലയില്‍ നിന്നു നീക്കിയിരുന്നുവെന്നും കമ്മീഷന്‍ റിപോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികളുണ്ടാവുമെന്നു അവര്‍ വിശദീകരിച്ചു.
Next Story

RELATED STORIES

Share it