സഭാ നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണം: ഡെ. സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭാ നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യപ്പെടണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി. ഇക്കാര്യം ഉടന്‍ തന്നെ സ്പീക്കര്‍ എന്‍ ശക്തനുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല സംസ്ഥാനങ്ങളിലെയും ഹൈക്കോടതി നടപടികള്‍ വരെ ഇത്തരത്തില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. നിയമസഭയെ സംബന്ധിച്ചിടത്തോളം അന്തിമ തീരുമാനം സ്പീക്കറുടേതാണ്. ഭരണഘടനാപരമായ കാര്യങ്ങള്‍ കൊണ്ടാണ് ചില നിയന്ത്രണങ്ങള്‍ ജുഡീഷ്യല്‍, നിയമ നിര്‍മാണ മേഖലകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബില്ലുകള്‍ ദോശ ചുട്ടെടുക്കും പോലെ പാസാക്കിയെടുക്കരുതെന്ന ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന സദുദ്ദേശ്യപരമാണ്. വിശദമായി ചര്‍ച്ച ചെയ്ത് മാത്രമേ ബില്ലുകള്‍ പാസാക്കാവൂ. ചെന്നിത്തലയുടെ പരാമര്‍ശത്തെ തുടര്‍ന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ സഭയില്‍ വരാന്‍ തയ്യാറാവാത്തതു ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് അദ്ദേഹം പറയട്ടെ എന്നാണ് പാലോട് രവി പ്രതികരിച്ചത്. സ്പീക്കര്‍ സാമാജികര്‍ക്ക് വളരെയേറെ അവസരം നല്‍കുന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വര്‍ഷം കുറഞ്ഞത് 100 ദിനമെങ്കിലും സഭ സമ്മേളിക്കണമെന്ന നാഷനല്‍ സ്പീക്കേഴ്‌സ് കോണ്‍ഫറന്‍സിന്റെ നിര്‍ദേശം സംസ്ഥാനത്തു നടപ്പാക്കണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ സഭാ സ്തംഭനമാണു നടക്കുന്നത്. ചര്‍ച്ചകള്‍ നടക്കാതെ സഭ പതിവായി സ്തംഭിക്കുമ്പോഴാണ് ഗില്ലറ്റിന്‍ പോലുള്ള നടപടികള്‍ വേണ്ടിവരുന്നത്.
സഭാസ്തംഭനത്തിനെതിരേ വിശാലമായ രാഷ്ട്രീയ സമവായം ഉണ്ടാവണം. സഭയില്‍ ഒരു ദിവസം സാധാരണ അവതരിപ്പിക്കുന്ന സബ്മിഷനുകളുടെ എണ്ണം പത്താണ്. ഇപ്പോഴത് മുപ്പതും നാല്‍പ്പതുമായി. സബ്മിഷനുകളുടെ എണ്ണം കുറയ്‌ക്കേണ്ടിയിരിക്കുന്നു. എന്നാല്‍ സബ്മിഷനുകള്‍ അവതരിപ്പിക്കരുതെന്ന് അംഗങ്ങളോടു പറയാനാവില്ല. ചര്‍ച്ചയുടെ കാര്യത്തിലും വളരെയേറെ സമയം ചെലവാകുന്നുണ്ട്. സഭയില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ വിശ്വാസ്യത നഷ്ടപ്പെടും. സഭയിലെ മുഴുവന്‍ കാര്യങ്ങളും ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it