palakkad local

സഫീര്‍ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം: ലീഗിനുള്ളില്‍ അസ്വാരസ്യം പുകയുന്നു

മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ച സംഭവംത്തില്‍ മുസ്‌ലിം ലീഗില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. സഫീര്‍ വധിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി ഒഴികെ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും 90 ദിവസം കഴിയും മുമ്പെ ജാമ്യം ലഭിച്ചതാണ് അണികളില്‍ അമര്‍ഷം ആളിക്കത്തിക്കുന്നത്. കേസിന്റെ പുരോഗതി വിലയിരുത്തുന്നതില്‍ ലീഗ് നേതൃത്വത്തിന്റെ നിസംഗതയ്‌ക്കെതിരെ യൂത്ത് ലീഗിലെ ഒരു വിഭാഗം ഇതിനകം തന്നെ അമര്‍ഷം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇതിന്റെ ഭാഗമായി യൂത്ത് ലീഗ് മണ്ഡലം സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ പ്രകടനത്തില്‍ കുന്തിപ്പുഴയിലെ ഒരു വിഭാഗം
ലീഗ് പ്രവര്‍ത്തകര്‍ വേറിട്ട് പ്രകടനം നടത്തി. കൂറ്റനാട് നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ പിന്മാറിയതും നേതൃത്വത്തിനെതിരെയുള്ള അമര്‍ഷത്തിന്റെ ഭാഗമാണ്. കേസിന്റെ തുടക്കം മുതല്‍ സിപിഎമ്മിനെ കൂട്ടു പിടിച്ചാണ് ചില നേതാക്കള്‍ രംഗത്തെത്തിയിരുന്നത്. സിപിഎം നേതാക്കളെ അമിതമായി വിശ്വാസത്തിലെടുത്താണ് കേസ് ദുര്‍ബലമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സിപിഎം നേതൃത്വം പിന്‍മാറി. ഇത് കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പില്‍ വലിയ തിരിച്ചടിയായി.
സിപിഎം നേതൃത്വം പിന്‍മാറായിതോടെ പോലിസ് അന്വേഷണം ഇഴയുന്ന മട്ടിലായി. 45 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും പൊതു പ്രവര്‍ത്തകന്‍ പിടിയിലാവുമെന്നുമുള്ള അന്വേഷണ സംഘത്തിന്റെ ഉറപ്പ് ജലരേഖയായി. ലീഗും സിപിഎമ്മും ഒരു പോലെ ആവശ്യപ്പെട്ട ഗൂഡാലോചന പ്രതികളെ പിടികൂടാന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് മുന്നോട്ട് പോകാന്‍ ലീഗിന് നേതാക്കളുണ്ടായിരിക്കെ സിപിഎം നേതാക്കളെ അന്തമായി വിശ്വസിച്ചതിനെയാണ് അണികള്‍ ചോദ്യം ചെയ്യുന്നത്. ഇത് പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാനൊരുങ്ങുകയാണ് അണികള്‍.
കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ക്കു പോലും ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ കേസിന്റെ മുന്നോട്ടുള്ള പോക്ക് എന്താവുമെന്ന ആശങ്കയും അമര്‍ഷവും അവര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതേസമയം പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് പോലിസും പ്രോസിക്യൂഷനും ഒത്തു കളിച്ചുവെന്ന് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it