സപ്ലൈകോയിലെ അഴിമതി: കര്‍ശന നടപടിക്ക് ശുപാര്‍ശ

കൊച്ചി: സപ്ലൈകോയിലെ അഴിമതികള്‍ പരിഹരിക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് നിയമസഭാ സമിതി. ഒരുകോടിയിലധികം ജനങ്ങള്‍ ആശ്രയിക്കുന്ന കേരളത്തിന്റെ പൊതുവിതരണ സംവിധാനത്തിന്റെ ഒരു മുഖ്യ ഭാഗമാണ് സപ്ലൈകോ. അവശ്യവസ്തുക്കളുടെ വിതരണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനമായ സപ്ലൈകോ കൂടുതല്‍ ജാഗ്രതപുലര്‍ത്തണം. ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും സമിതി ചെയര്‍മാന്‍ സി ദിവാകരന്‍ പറഞ്ഞു. എറണാകുളം സപ്ലൈകോ ഹെഡ് ഓഫിസില്‍ കേരള നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ചു ചേര്‍ന്ന സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോര്‍പറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യും. പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും ഔട്ട്‌ലെറ്റുകള്‍ ആധുനികവല്‍ക്കരിക്കുന്നതിനും സബ്‌സിഡി നല്‍കുന്നതിനും ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കണമെന്ന റിപോര്‍ട്ട് സഭയില്‍ അവതരിപ്പിക്കും. കോര്‍പറേഷന്റെ ഉദ്യോഗസ്ഥവിന്യാസം സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്തു.
2033 ഉദ്യോഗസ്ഥര്‍ നേരിട്ടും 1,175 പേര്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലും ജോലി ചെയ്യുന്നവരാണ്. ഇതിനു പുറമേ ദിവസവേതനക്കാര്‍ ഉള്‍പ്പെടെ 5000ലധികം പേര്‍ സപ്ലൈകോയിലുണ്ട്. ഡെപ്യൂട്ടേഷന്‍ സംവിധാനം കുറച്ചുകൊണ്ടുവരണം. സ്റ്റാഫ് പാറ്റേണ്‍ യുക്തിസഹമായി പുനക്രമീകരിക്കണമെന്നും എംഡിയോട് ആവശ്യപ്പെട്ടു. മാവേലി സ്റ്റോറുകളില്‍ ലഭിക്കുന്ന പല അവശ്യവസ്തുക്കളും നിത്യോപയോഗസാധനങ്ങളും റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന സംവിധാനം നടപ്പാക്കാനുള്ള പദ്ധതികളും സര്‍ക്കാരിനുണ്ടെന്ന് സി ദിവാകരന്‍ എംഎല്‍എ പറഞ്ഞു.
ഒരേ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് പല സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്നും സബ്‌സിഡി സാധനങ്ങള്‍ കൈപ്പറ്റുന്നതു തടയാനായി എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് സപ്ലൈകോ ചെയര്‍മാന്‍ ആന്റ്് മാനേജിങ് ഡയറക്ടര്‍ എം എസ് ജയ പറഞ്ഞു.

Next Story

RELATED STORIES

Share it