സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം: ശാസ്ത്രീയ തെളിവുകള്‍ തേടി അന്വേഷണസംഘം

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തില്‍ തെളിവുകള്‍ തേടിയുള്ള അന്വേഷണസംഘത്തിന്റെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നു. സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 10 കിലോമീറ്റര്‍ ചുറ്റളവിലെ 40ഓളം സിസിടിവി ദൃശ്യങ്ങള്‍ സംഘം പരിശോധിച്ചു. എന്നാല്‍, അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും നടത്തിയ പരിശോധനകളുടെ ഫലം ഉടനെ ലഭ്യമാവും. ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലം അന്വേഷണത്തിനു സഹായകമാവുമെന്നാണ് പോലിസിന്റെ പ്രതീക്ഷ.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ വലിയവിള സ്വദേശി മോഹനനെയാണ് ചോദ്യം ചെയ്തത്. ഇയാളെ പിന്നീട് വിട്ടയച്ചു. സന്ദീപാനന്ദഗിരിയുമായി പിണങ്ങി കഴിഞ്ഞ ദിവസമാണ് ജോലി ഉപേക്ഷിച്ചത്. ഇക്കാര്യം സന്ദീപാനന്ദഗിരി അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലില്‍ മോഹനനില്‍ നിന്നു കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.
അതേസമയം, ആക്രമണത്തിന് മുന്‍ സെക്യൂരിറ്റി ജീവനക്കാരന്റെ സഹായം ലഭിച്ചതായി സംശയമുണ്ടെന്ന് സന്ദീപാനന്ദഗിരി മാധ്യമങ്ങളോട് പ്രതികരിച്ചു. സെക്യൂരിറ്റി ജീവനക്കാരന് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടാവില്ല. പ ക്ഷേ, ആശ്രമത്തിലെ സാഹചര്യം അയാളില്‍ നിന്ന് അക്രമികള്‍ മനസ്സിലാക്കിയിട്ടുണ്ടാവാം. അന്വേഷണ സംഘവുമായി കൂടുതല്‍ കാര്യങ്ങള്‍ പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ആശ്രമത്തിനു സമീപമുള്ള കുണ്ടമണ്‍ ഭാഗം ദേവീക്ഷേത്രത്തിലെ സിസിടിവി ദൃശ്യത്തില്‍ അക്രമദിവസം പുലര്‍ച്ചെ 2.45ന് ഒരാള്‍ ഓടിപ്പോകുന്ന ദൃശ്യമുണ്ട്. സമീപവാസിയായ 18കാരനാണ് ഇയാള്‍. തീ കണ്ട് ഓടിപ്പോവുകയായിരുന്നെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ പറഞ്ഞു. തീപ്പിടിത്തം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സിനു വഴികാട്ടാന്‍ ഇയാ ള്‍ ശ്രമിക്കുകയായിരുന്നെന്ന് പോലിസ് വ്യക്തമാക്കി. അന്വേഷണ പുരോഗതി സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിലയിരുത്തി.

Next Story

RELATED STORIES

Share it