സന്ദര്‍ശകരുടെ തിരക്കില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കാണാന്‍ പൊതുജനങ്ങള്‍ക്ക് അനുവദിച്ച മൂന്നാംദിനവും ജനപ്രവാഹം. ഇന്ന് കസ്റ്റംസ് പരിശോധനയും നാളെ എയര്‍ലൈന്‍സുകളുടെ പ്രത്യേക യോഗവും നടക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
നിലവില്‍ 12 വരെയാണു പ്രവേശനം. തിയ്യതി നീട്ടാന്‍ സാധ്യതയില്ലെന്നാണു ലഭിക്കുന്ന സൂചന. ഇന്നലെ അവധിദിനമായതിനാല്‍ രാവിലെ ഏഴു മുതല്‍ മട്ടന്നൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് തുടങ്ങിയിരുന്നു. ഇതര ജില്ലകളില്‍ നിന്ന് ഉള്‍പ്പെടെ വിമാനത്താവളം കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. ഇതോടെ നഗരം പൂര്‍ണമായും വാഹനക്കുരുക്കിലായി.
അത്യാവശ്യ കാര്യങ്ങള്‍ക്കു മറ്റു സ്ഥലങ്ങളിലേക്ക് യാത്രതിരിച്ചവരും കുരുക്കില്‍ അകപ്പെട്ടു. സന്ദര്‍ശകരുടെ ബാഹുല്യം കാരണം വിമാനത്താവളത്തിലേക്കുള്ള കവാടം മുതല്‍ കണ്ണൂര്‍-മട്ടന്നൂര്‍ റോഡിലെ വായന്തോട് ജങ്ഷന്‍ വരെ വാഹനങ്ങളുടെ നിര വൈകീട്ട് വരെ നീണ്ടു.
റോഡില്‍ വാഹനങ്ങള്‍ നിറഞ്ഞതിനാല്‍ മട്ടന്നൂരില്‍ നിന്ന് അഞ്ചു കിലോമീറ്ററോളം നടന്നാണു ചിലര്‍ വിമാനത്താവളത്തില്‍ എത്തിയത്.
കനത്ത തിരക്കു കാരണം പലരും വിമാനത്താവളം കാണാനാവാതെ മടങ്ങി. തലശ്ശേരി, കണ്ണൂര്‍, ഇരിട്ടി, മാലൂര്‍, തില്ലങ്കേരി റൂട്ടുകളിലെ ബസ്സുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ഗതാഗതം നിയന്ത്രിക്കാന്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതു പോലിസിനും കിയാല്‍ അധികൃതര്‍ക്കും സഹായകമായി.

Next Story

RELATED STORIES

Share it