Flash News

സന്തോഷ് മാധവനെതിരായ കേസ് : ഡിസംബര്‍ 14ന് കുറ്റപത്രം വായിക്കും



കൊച്ചി: സറാഫിന്‍ എഡ്വിനെ ചതിച്ചു പണം തട്ടിയെടുത്തുവെന്ന കേസില്‍ സന്തോഷ് മാധവനെതിരേയുള്ള കേസില്‍ ഡിസംബര്‍ 14നു കുറ്റം ചുമത്തും. 2002ല്‍ ദുബയില്‍ വച്ചു ഹോട്ടല്‍ ആരംഭിക്കാമെന്നു വാഗ്ദാനം നല്‍കി നാലു ലക്ഷം ദിര്‍ഹം തട്ടിയെടുത്ത കേസിലാണ് എറണാകുളം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത്. കട്ടപ്പന ഇരുപതേക്കര്‍ പറച്ചിറയില്‍ വീട്ടില്‍ പി എം സന്തോഷ് എന്ന സന്തോഷ് മാധവന്‍ കേസിലെ ഒന്നാം പ്രതിയും തിരുവനന്തപുരം കിളിമാനൂര്‍ തോപ്പില്‍ വീട്ടില്‍ സൈഫുദ്ദീന്‍ രണ്ടാം പ്രതിയുമാണ്. ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.തിരുവനന്തപുരം പ്ലാമൂട് ഗ്രീന്‍ലൈനില്‍ സറാഫിന്‍ എഡ്വിന്‍ എന്ന പ്രവാസി മലയാളിയുടെ പണമാണ് പ്രതികള്‍ തട്ടിയെടുത്തത്. ദുബയിലെ അല്‍ ഹെയില്‍ ബില്‍ഡിങിലെ 104ാം നമ്പര്‍ ഫഌറ്റില്‍ വച്ചു ജ്യോതിഷം പ്രവചിച്ച ഇപ്പോള്‍ ബിസിനസ് ചെയ്യുന്നതിനു നല്ല സമയമാണെന്നും ബിസിനസ്സില്‍ ലാഭം സമ്പാദിച്ചു നാട്ടിലുള്ള പാവപ്പെട്ടവരെ സഹായിക്കാമെന്നും പ്രചോദിപ്പിച്ചു വിശ്വാസം നേടിയ ശേഷം പ്രതികള്‍ സറാഫിനില്‍ നിന്നു പണം തട്ടിയെടുത്തുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദുബയില്‍ ദെയ്‌റ എന്ന സ്ഥലത്തു പൂട്ടിക്കിടന്ന ഫോര്‍ച്യുണ്‍ എന്ന ഹോട്ടല്‍ വാങ്ങി ബിസിനസ്സില്‍ പങ്കാളിയാക്കി ലാഭം നേടി തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു 2002 ഡിസംബര്‍ ഏഴിനു 50,000 ദിര്‍ഹവും 2003 ജനുവരി നാലിനു 50,000 ദിര്‍ഹവും 2003 ജനുവരി ഏഴിനു 2.5 ലക്ഷം ദിര്‍ഹവും പിന്നീട് ദുബയില്‍ വാങ്ങാന്‍ പോവുന്ന ഹോട്ടലിന്റെ ഇലക്ട്രിക് ചാര്‍ജും വാട്ടര്‍ ചാര്‍ജും അടയ്ക്കാന്‍ വേണ്ടി 50,000 ദിര്‍ഹവും 2003 ജനുവരി 19നു സൈഫുദ്ദീന്റെ കൈവശം സന്തോഷ് മാധവന്റെ നിര്‍ദേശപ്രകാരം സറാഫിന്‍ നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.  കേസിലെ പ്രതിപ്പട്ടികയുലുണ്ടായിരുന്ന മൂന്നാം പ്രതി ഖാലിദ് അല്‍ ഹുസറജ്, നാലാം പ്രതി അസ്്‌ലം എന്നിവരെ കുറിച്ചു കൂടുതല്‍  വിവരങ്ങള്‍ കണ്ടെത്താനാവാത്തതിനെ തുടര്‍ന്നു പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it