Idukki local

സത്രത്തിലെ മൊട്ടക്കുന്നുകളിലേക്കുള്ള വാഹനയാത്ര റവന്യൂ വകുപ്പ് തടഞ്ഞു



വണ്ടിപ്പെരിയാര്‍: സത്രത്തിലെ മൊട്ട കുന്നിനു മുകളിലേക്ക് അനധികൃതമായി നിര്‍മിച്ച റോഡുകളില്‍ റവന്യൂ വകുപ്പ് കിടങ്ങുകള്‍ (ട്രഞ്ച്) നിര്‍മിച്ചു.മൊട്ടക്കുന്നുകളിലെ മലയ്ക്ക് മുകളിലേക്ക് ജീപ്പുകള്‍ കയറുന്ന മുഴുവന്‍ വഴികളിലും കിടങ്ങ് നിര്‍മിച്ചാണ് റോഡിന് തടസം ഏര്‍പ്പെടുത്തിയത്.  അപകടത്തിനോടൊപ്പം കുന്നുകള്‍ക്ക് പ്രകൃതി നാശവും ഉണ്ടാക്കുന്നതിനെ തുടര്‍ന്ന്  ഏറെ വിവാദമായതിനു പിന്നാലെയാണ് നടപടിയുണ്ടായത്. കലക്ടര്‍, ആര്‍.ഡി.ഒ. അടക്കം സത്രത്തിലെ മൊട്ടക്കുന്നിലേക്ക് അപകടകരമായി ജീപ്പു കയറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് നടപടികളെടുക്കാന്‍ പോലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയാറാവാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പീരുമേട് തഹസില്‍ദാര്‍ കെ എന്‍ വിജയന്റെ നേതൃത്വത്തിലുള്ള സംഘം എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് കിടങ്ങുകള്‍ നിര്‍മിച്ചത്. നിയമങ്ങള്‍ കാറ്റില്‍ പറത്തി കൂടുതല്‍ ആളുകളെ കുത്തി നിറച്ച് തുറന്ന ജീപ്പുകളിലാണ് വിനോദ സഞ്ചാരികളെ സത്രത്തില്‍ എത്തിക്കുന്നത്. പുല്‍മേടുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തേക്ക് വാഹനങ്ങള്‍ കടക്കാതിരിക്കാനാണ് വഴികളില്‍ കിടങ്ങ് നിര്‍മിച്ചത്. ഗവിയിലേക്ക് ജീപ്പുകളില്‍ വിനോദ സഞ്ചാരികളുമായി എത്തുന്നവരെ വനം വകുപ്പ് നിയന്ത്രിച്ചതോടെ ഇവര്‍ വള്ളക്കടവില്‍ നിന്നും സത്രം ഭാഗത്ത് എത്താന്‍ തുടങ്ങി. റവന്യു-വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്ക ഭൂമിയിലൂടെയാണ് വിനോദ സഞ്ചാരികളുമായുള്ള സാഹസിക യാത്ര നടത്തുന്നത്. ഇതിനു പുറമെ ഓഫ് റൈഡ് റൈസുകളും നടത്തുന്നതായി പരാതികള്‍ ശക്തമായിരുന്നു. വണ്ടിപ്പെരിയാ ര്‍ വള്ളക്കടവില്‍ നിന്നും മൂന്ന് കിലോമീറ്ററാണ് സത്രത്തിലേക്ക്  റവന്യു-വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കഭൂമിയാണ് ഇത്. ഇവിടെ നിന്നും പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ വന്യമൃഗങ്ങളുടെ വരവും പോക്കും കാണാം. മൊട്ടക്കുന്നിലെ മലയ്ക്ക് മുകളില്‍ വാഹനം ഓടിച്ചു കയറ്റുന്നതോടെ കുന്നുകള്‍ക്ക് പ്രകൃതിനാശം ഉണ്ടാക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പീരുമേട്  തഹസില്‍ദാര്‍ കെഎന്‍വിജയന്‍, അഡീഷനല്‍ തഹസില്‍ദാര്‍ (എല്‍ആര്‍ ) പി ആര്‍ ഷൈന്‍, മഞ്ചുമല വില്ലേജ് ഓഫിസര്‍ പ്രീതാകുമാരി നടപടിയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it