wayanad local

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും ചിത്രം തെളിയാതെ സുല്‍ത്താന്‍ ബത്തേരി

സുല്‍ത്താന്‍ ബത്തേരി: അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും ഭരണം ആര്‍ക്കെന്ന ചിത്രം തെളിയാതെ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി. ഭരണം പിടിക്കുന്നതിന്നുള്ള തന്ത്രങ്ങള്‍ മെനയുന്നതിന്നായി ഇന്നു യുഡിഎഫും നാളെ എല്‍ഡിഎഫും യോഗം ചേരും. മുനിസിപ്പാലിറ്റിയില്‍ നിര്‍ണായക ശക്തിയായ കേരളാകോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി യോഗം ഇന്നലെ ചേര്‍ന്നു.
35 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുള്ള ഭരണസമിതിയില്‍ 17 വീതം സീറ്റുകളാണ് എല്‍ഡിഎഫിനും യുഡിഎഫിനുമുള്ളത്. ശേഷിക്കുന്ന ഒരു സീറ്റ് ബിജെപിയും നേടി. എന്നാല്‍, ബിജെപിയെ കൂട്ടുപിടിച്ച് ഭരണത്തിലേറാന്‍ ഇല്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഇപ്പോഴും ഇരുമുന്നണികളും. ഈ സാഹചര്യത്തില്‍ യുഡിഎഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസ്സിന്റെ നിലപാടാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവില്‍ കേരളാകോണ്‍ഗ്രസ്-എമ്മിന് ഒരു കൗണ്‍സിലറാണുള്ളത്. ഇദ്ദേഹം ഇടതുപക്ഷത്തേക്ക് പോയേക്കുമെന്നു പറയുന്നുണ്ടങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.
അതേസമയം, കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് കാലുവാരിയെന്നു ജില്ലാ പ്രസിഡന്റ് തന്നെ പരസ്യമായി പറഞ്ഞ സ്ഥിതിക്ക് ഇനി യുഡിഎഫില്‍ തുടരുമോയെന്ന ചോദ്യവുമുയരുന്നുണ്ട്. അതേസമയം, യുഡിഎഫില്‍ കടുത്ത ഡിമാന്റുകള്‍ കേരളകോണ്‍ഗ്രസ് (എം) വച്ചിട്ടുണ്ടന്നും കേള്‍ക്കുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണങ്കിലും ഇടതുപക്ഷം കേരളാ കോണ്‍ഗ്രസ്സുമായി ഇതുവരെ അനൗദ്യോഗിക ചര്‍ച്ചപോലും നടന്നിട്ടുമില്ല. എങ്കിലും കടുത്ത ഡിമാന്റുകള്‍ കേരളാ കോണ്‍ഗ്രസ് മുന്നോട്ടുവച്ചില്ലെങ്കില്‍ ഇടത്തോട്ട് നീങ്ങുമെന്നും കേള്‍ക്കുന്നു. ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 18നു മുമ്പ് കാര്യങ്ങള്‍ തീരുമാനിക്കാനായാണ് ഇന്നു യുഡിഎഫും നാളെ എല്‍ഡിഎഫും യോഗം ചേരുന്നത്. ഒന്നും നടന്നില്ലെങ്കില്‍ മുനിസിപ്പാലിറ്റി ഭരണം നറുക്കെടുപ്പിലേക്കു നീങ്ങും.
Next Story

RELATED STORIES

Share it