Alappuzha

സകാത്ത്: ഖുര്‍ആനില്‍ 82 ഇടങ്ങളില്‍

സകാത്ത്: ഖുര്‍ആനില്‍ 82 ഇടങ്ങളില്‍
X


കെ എം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി ചേലക്കുളം

ലോകരാഷ്ട്രങ്ങളെ ബുദ്ധിമുട്ടിക്കുന്നതും പലപ്പോഴും അസമത്വത്തിനും അസ്വസ്ഥതയ്ക്കും കാരണമായിത്തീര്‍ന്നിട്ടുള്ളതുമാണ് സാമ്പത്തിക വ്യവസ്ഥ. മനുഷ്യവംശത്തിന്റെ ശാന്തിക്കും സമാധാനത്തിനും പല കാര്യങ്ങളും ആവിഷ്‌കരിച്ചു ഇസ്‌ലാം. ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ ആണിക്കല്ലാണ് സകാത്ത്. ധനപരമായോ ശാരീരികമായോ പ്രത്യേക രൂപത്തില്‍ കൊടുക്കപ്പെടുന്ന ധനത്തിനാണ് സകാത്തെന്നു പറയുന്നത്.
ഖുര്‍ആനില്‍ 82 സ്ഥലങ്ങളില്‍ സകാത്ത് പ്രതിപാദിച്ചിട്ടുണ്ട്. സകാത്ത് നല്‍കാതെ മരണപ്പെടുന്നയാളുടെ സ്വത്ത് ഓഹരി വയ്ക്കുന്നതിനു മുമ്പ് സകാത്തിന്റെ തുക മാറ്റിവയ്ക്കണമെന്നാണ് ഇസ്‌ലാമിന്റെ നിര്‍ദേശം. ആയിശ(റ)യില്‍ നിന്നു ഇമാം ബുഖാരി ത്വാരീഖില്‍ റിപോര്‍ട്ട് ചെയ്ത ഹദീസിന്റെ ആശയം: “സകാത്തിന്റെ പണം സമ്പത്തില്‍ ലയിച്ചുപോയാല്‍ ആ സമ്പത്ത് നശിക്കുക തന്നെ ചെയ്യും.’ ഉദാ: ഒരു ലക്ഷം രൂപ സമ്പത്തുള്ള വ്യക്തിക്ക് ഇസ്‌ലാമിക സകാത്ത് വ്യവസ്ഥയനുസരിച്ച് രണ്ടര ശതമാനം അഥവാ 2500 രൂപ സകാത്തിന്റെ അവകാശികളുടെ ഓഹരിയായി വരും. അത് കൊടുത്തുവീട്ടുകയോ വിതരണത്തിനുള്ള മാര്‍ഗം കണ്ടെത്തുകയോ ചെയ്തില്ലെങ്കില്‍ അവന്റെ സമ്പത്തില്‍ അത് കലര്‍ന്നാല്‍ നാശം.
ധനത്തിന്റെ നിശ്ചിത സംഖ്യ ഒരാള്‍ കൈവശം വയ്ക്കുകയും അന്നു മുതല്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍ അവന് സകാത്ത് നിര്‍ബന്ധമാകും. ഉദാ: ജനുവരി ഒന്നിന് 200 ദിര്‍ഹം (595 ഗ്രാം) വെള്ളി അഥവാ അതിന്റെ മൂല്യം ഒരാളുടെ കൈവശം വരുകയും ഒരു വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍ രണ്ടര ശതമാനം (14.875 ഗ്രാം) വെള്ളി അഥവാ അതിന്റെ മൂല്യം വരുന്ന കറന്‍സി സകാത്തായി നല്‍കണം. ഇപ്പോഴത്തെ വിലയനുസരിച്ച് 595 ഗ്രാമിന് 26,180 രൂപ കണക്കാക്കണം. അതാണ് നിസാബ്. കറന്‍സിയെ വെള്ളിയോട് തുലനം ചെയ്യണമെന്നാണ് കര്‍മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം. കറന്‍സിയായി 26,180 രൂപ ഒരു വര്‍ഷം കൈവശമുണ്ടായാല്‍ സകാത്ത് നിര്‍ബന്ധമാകും. വെള്ളിയുടെ വിലയിലുള്ള മാറ്റമനുസരിച്ച് സകാത്ത് നല്‍കണം.
സ്വര്‍ണം 20 മിസ്ഖാല്‍ അഥവാ 85 ഗ്രാം തൂക്കത്തിന് 2.125 ഗ്രാമും വെള്ളി 200 ദിര്‍ഹം അഥവാ 595 ഗ്രാമിന് 14.875 ഗ്രാമും സകാത്ത് നല്‍കണം. കച്ചവടച്ചരക്കുകള്‍ 595 ഗ്രാം വെള്ളിക്ക്, ഏകദേശം 26,180 രൂപയ്ക്ക് ചരക്കുണ്ടായാല്‍ സകാത്ത് കൊടുക്കണം. ശാഫി മദ്ഹബ് പ്രകാരം കച്ചവടം തുടങ്ങി ഒരു കൊല്ലം പൂര്‍ത്തിയാകുന്നതിന്റെ അവസാന ഘട്ടത്തില്‍ സംഖ്യ ഉണ്ടായാല്‍ മതി. വര്‍ഷാദ്യം ഈ കണക്ക് പൂര്‍ത്തിയാവുകയും അവസാനം അവ ഇല്ലാതാവുകയും ചെയ്താല്‍ സകാത്ത് നിര്‍ബന്ധമില്ല. സകാത്ത് കൊടുക്കേണ്ടത് പണം തന്നെയാവണം.
അല്ലാഹു പറയുന്നു: “”ചെറിയ തോതിലുള്ള ഭയം, പട്ടിണി എന്നിവ കൊണ്ടും സ്വത്തുക്കള്‍, ശരീരങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവയിലുണ്ടാകുന്ന കുറവുകൊണ്ടും നിശ്ചയം നിങ്ങളെ നാം പരീക്ഷിക്കുന്നതാണ്. (ഇത്തരം ഘട്ടങ്ങളിലെല്ലാം) ക്ഷമിക്കുന്നവര്‍ക്ക് (നല്ല ഭാവിയാണ് വരാനിരിക്കുന്നതെന്ന) സന്തോഷവാര്‍ത്തയെ തങ്ങള്‍ അറിയിക്കുക’’ (2:155).
സാമ്പത്തികമായി ഉയരുമ്പോള്‍ പാവങ്ങള്‍ക്കെതിരില്‍ കണ്ണടയ്ക്കുന്ന ധിക്കാരികള്‍ക്ക് തികഞ്ഞ പാഠമാണ് ഖാറൂന്റെ ചരിത്രം. പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും നല്ല നാളുകള്‍ അമലുകളാല്‍ സജീവമാക്കാനും തൗഫീഖ് നല്‍കട്ടെ.
Next Story

RELATED STORIES

Share it