സംസ്ഥാന ഹജ്ജ് കമ്മിറ്റി: കൊച്ചിയില്‍ നിന്ന് ആഗസ്ത് ഒന്ന് മുതല്‍ തീര്‍ത്ഥാടകര്‍ യാത്രതിരിക്കും

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഹജ്ജ്കര്‍മം നിര്‍വഹിക്കാന്‍ ആഗസ്ത് ഒന്നു മുതല്‍ തീര്‍ത്ഥാടകര്‍ യാത്രതിരിക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ എംബാര്‍ക്കേഷന്‍ പോയിന്റായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്കു വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിയാല്‍ അക്കാദമിയിലാണ് ഈ തവണ താല്‍ക്കാലികമായി ഹജ്ജ് ക്യാംപ് ഒരുക്കുന്നത്. ഇവിടെ ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 29നു പ്രവര്‍ത്തനം ആരംഭിക്കും.
കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഹജ്ജ് ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ 29 മുതല്‍ പൂര്‍ണമായും നെടുമ്പാശ്ശേരിയിലേക്കു മാറ്റും. ഹജ്ജ്കര്‍മം നിര്‍വഹിച്ച് തീര്‍ത്ഥാടകര്‍ പൂര്‍ണമായും തിരിച്ചുവരുന്നതു വരെ ഹജ്ജ് കമ്മിറ്റി ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സിയാല്‍ അക്കാദമിയിലായിരിക്കും പ്രവര്‍ത്തിക്കുക. ഇവിടെ ഒരു ദിവസം 850 പേര്‍ക്കു താമസിക്കാവുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 66 ലക്ഷം രൂപയോളം മുടക്കിയാണ് ഇവിടെ ഹജ്ജ് ക്യാംപ് ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് പ്രാര്‍ഥിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഈ മാസം 31ന് വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹജ്ജ് യാത്ര ഉദ്ഘാടനം ചെയ്യും. സൗദി എയര്‍ലൈന്‍സ് വിമാനമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്. 410 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തില്‍ 39 വിമാന സര്‍വീസുകളാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ്കര്‍മം നിര്‍വഹിക്കാന്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ 24 മണിക്കൂര്‍ മുമ്പ് സിയാല്‍ അക്കാദമിയിലെ ഹജ്ജ് ക്യാംപില്‍ എത്തിച്ചേരേണ്ടതാണ്.
വിമാനത്താവളത്തിലെ ടെര്‍മിനലിലാണ് തീര്‍ത്ഥാടകര്‍ ആദ്യം എത്തേണ്ടത്. ഇവിടെ ലഗേജുകളും പാസ്‌പോര്‍ട്ടും നല്‍കി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് കുപ്പണും കൈപ്പറ്റിയ ശേഷമായിരിക്കണം തീര്‍ത്ഥാടകര്‍ ഹജ്ജ് ക്യാംപില്‍ എത്തിച്ചേരേണ്ടത്. തീര്‍ത്ഥാടകരുടെ കൂടെവരുന്നവര്‍ക്കോ, സന്ദര്‍ശകര്‍ക്കോ ഇത്തവണ ഹജ്ജ് ക്യാംപിലേക്ക് പ്രവേശനം ഇല്ല. തീര്‍ത്ഥാടകര്‍ക്കായി സംസ്ഥാനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി പ്രത്യേക ലോഫ്‌ളോര്‍ ബസ് സര്‍വീസുകള്‍ നടത്തിയിട്ടുണ്ട്. കൂടാതെ എല്ലാ ട്രെയിനുകള്‍ക്കും ആലുവയില്‍ താല്‍ക്കാലികമായി സ്റ്റോപ്പ് അനുവദിക്കും.
ട്രെയിനില്‍ ആലുവയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്കു ക്യാംപില്‍ എത്താന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കിഴില്‍ ഹജ്ജ്കര്‍മം നിര്‍വഹിക്കാന്‍ അവസരം ലഭിച്ച 11521 പേരില്‍ 6506 പേരും സ്ത്രീകളാണ്. രണ്ട് വയസ്സിന് താഴെയുള്ള 25 പേര്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ഇത്തവണ യാത്രയാവുന്നു. ഇതില്‍ 16 പേര്‍ ആണ്‍കുട്ടികളും ഒമ്പതു പേര്‍ പെണ്‍കുട്ടികളുമാണ്.
ഹജ്ജ് ക്യാംപിന്റെ വിജയത്തിനായി എച്ച് ബാബു സേട്ട് ജനറല്‍ കണ്‍വീനറായും അഹമ്മദ് മൂപ്പന്‍ (ഭക്ഷണം), എ കെ അബ്ദുര്‍റഹ്മാന്‍ (വോളന്റിയര്‍), ശരീഫ് മണിയാട്ടുകുടി (ഗതാഗതം), ഡോ. ഇ കെ അഹമ്മദ് കുട്ടി (അക്കമഡേഷന്‍), എസ് നാസറുദീന്‍ (രജിസ്‌ട്രേഷന്‍), പ്രഫ. അബ്ദുള്‍ ഹമീദ് (റിസപ്ഷന്‍), അബ്ദുര്‍റഹിമാന്‍ പെരിങ്ങാടി (ആരോഗ്യം), തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി (തസ്‌കിയത്ത്) വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
അതിനിടെ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടകസംഘം ഹജ്ജ്കര്‍മം നിര്‍വഹിക്കുന്നതിനായി ഇന്നലെ പുറപ്പെട്ടു. ഇന്ത്യയിലെ പ്രമുഖ ഹജ്ജ് ഗ്രൂപ്പായ അല്‍ഹിന്ദ് വഴി യാത്രയാവുന്ന സ്വകാര്യ ഹജ്ജ് തീര്‍ത്ഥാടക സംഘമാണ് ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഹജ്ജിനായി പുറപ്പെട്ടത്. സംഘത്തിനു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രയയപ്പു നല്‍കി. വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ആദ്യ ഹജ്ജ് സംഘത്തിന്റെ യാത്ര ഫഌഗ്ഓഫ് ചെയ്തു.
എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ മനോജ്കുമാര്‍, അല്‍ഹിന്ദ് ഹജ്ജ് സൗത്ത് കേരള മേധാവി അന്‍വര്‍ സാദത്ത്, മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഫൈസല്‍ നല്ലളം, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് സബ് ഇന്‍സ്‌പെക്ടര്‍ ടി എ ഹാറൂണ്‍, പി എ അഫ്‌സല്‍, ഇത്തിഹാദ് എയര്‍വേയ്‌സ് ജീവനക്കാരായ ജോസ്, അഭിജിത്ത് സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it