സംസ്ഥാന സര്‍ക്കാരിന്റെ ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: പ്രളയം ദുരന്തം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള സാലറി ചാലഞ്ചില്‍ ശമ്പളം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഹൈക്കോടതി വിധി സാലറി ചാലഞ്ചിനെ ബാധിക്കുമെന്നതിനാല്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അംഗീകരിച്ചു.
സാലറി ചാലഞ്ചില്‍ ശമ്പളം നല്‍കാത്തവര്‍ വിസമ്മതപത്രം സമര്‍പ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധന ഹൈക്കോടതി മരവിപ്പിച്ചിരുന്നു. താല്‍പര്യമുള്ള ജീവനക്കാര്‍ക്ക് തങ്ങളുടെ സാമ്പത്തികശേഷി അനുസരിച്ച് ഇഷ്ടമുള്ള തുക സംഭാവന നല്‍കാമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇത് ചോദ്യംചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഹൈക്കോടതി വിധി സാലറി ചാലഞ്ചിനെ ബാധിക്കും. അതിനാല്‍, ദീപാവലി അവധിക്ക് മുമ്പ് തന്നെ ഹരജി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച ഹരജി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.
സാലറി ചാലഞ്ചില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയുണ്ടെന്ന് പ്രാഥമദൃഷ്ട്യാ തോന്നുന്നുണ്ടെന്നതടക്കമുള്ള നിരീക്ഷണങ്ങള്‍ ഹൈക്കോടതി നടത്തിയിരുന്നു.
സുപ്രിംകോടതി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ പ്രളയത്തിന് പണം നല്‍കാന്‍ ജീവനക്കാരോട് അഭ്യര്‍ഥിച്ച് ഉത്തരവിറക്കിയപ്പോള്‍ സമാന വ്യവസ്ഥ ഉണ്ടായിരുന്നു. അതേ മാതൃകയിലാണ് സര്‍ക്കാര്‍ ഉത്തരവെന്നാണ് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നത്.

Next Story

RELATED STORIES

Share it