സംസ്ഥാന മല്‍സ്യനയം ഉടന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മല്‍സ്യനയം ഉടന്‍ പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച് നടപടികള്‍ പൂര്‍ത്തിയായതായി ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷം നിറച്ച മല്‍സ്യം കൊണ്ടുവരുന്നത് തടയുക, ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുക, കേരളത്തിന് വിദേശനാണ്യം നേടിത്തരുക എന്നീ കാര്യങ്ങളില്‍ ഊന്നിയാണ് മല്‍സ്യനയം രൂപീകരിക്കുന്നത്. മല്‍സ്യത്തില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗം ആഗസ്തില്‍ ചേരാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു.
നേരത്തേ കേന്ദ്ര കൃഷിമന്ത്രി യോഗം വിളിച്ചിരുന്നെങ്കിലും തീരുമാനമുണ്ടായിരുന്നില്ല. 13ാം പഞ്ചവല്‍സര പദ്ധതി നടപ്പാക്കുന്നതിലൂടെ രണ്ടുവര്‍ഷംകൊണ്ട് സംസ്ഥാനത്തെ മല്‍സ്യോല്‍പാദനം ഇരട്ടിയാക്കും. നിലവില്‍ 40,000 ടണ്‍ മല്‍സ്യം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇത് 80,000 ടണ്‍ ആക്കി മാറ്റും. 5400 കോടി രൂപയാണ് കേരളത്തിന്റെ മല്‍സ്യ കയറ്റുമതിയിലെ വരുമാനം. സംസ്ഥാനത്ത് നിയമം കര്‍ശനമായതോടെ ചെറുമല്‍സ്യങ്ങളെ പിടിക്കുന്നതില്‍ കുറവുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചെറുമല്‍സ്യം പിടിച്ച മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് 1.94 കോടി രൂപ പിഴ ഈടാക്കി.
ചെറുമല്‍സ്യങ്ങളെ ആന്ധ്രപ്രദേശിലേക്ക് കടത്തുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കും. മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ ഉയര്‍ന്നതോതില്‍ ഉപയോഗിക്കുന്നതിനെതിരേ നടപടി കര്‍ശനമാക്കും. കേരളത്തില്‍ പിടിക്കുന്ന മല്‍സ്യങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ മായം ചേര്‍ക്കാറില്ല. അതേസമയം, മല്‍സ്യത്തില്‍ ഉപയോഗിക്കുന്ന ഐസില്‍ ഫോര്‍മാലിന്‍ ചേരുന്നതായി വിവരമുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കും. ആലപ്പുഴ കേന്ദ്രീകരിച്ച് ഫോര്‍മാലിന്‍ കമ്പനി തന്നെ പ്രവര്‍ത്തിക്കുന്നതായാണ് അറിയുന്നത്.
Next Story

RELATED STORIES

Share it