kozhikode local

സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോല്‍സവം ഇന്നു മുതല്‍

കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന്റെ എട്ടാം സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോല്‍സവം ഇന്ന് കോഴിക്കോട് തുടങ്ങും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോല്‍സവം രാവിലെ 11 ന് മാനാഞ്ചിറ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാഹിത്യകാരന്‍ യു എ ഖാദറിന്റെ നേതൃത്വത്തില്‍ മാമുക്കോയ, നിലമ്പൂര്‍ ആയിഷ, സാക്ഷരതാ മിഷന്റെ അഞ്ച് നൂതന പദ്ധതികളുടെ ഗുണഭോക്താക്കളായ സിസിലി ജോര്‍ജ്, കൃഷ്ണന്‍ ബേപ്പൂര്‍, ലക്ഷ്മി പയോണ, നഫീസ ഉതിരുപറമ്പില്‍, നൂറുല്‍ഹുദാ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. എ പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.പി എസ് ശ്രീകല ആമുഖപ്രഭാഷണം നടത്തും.
ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും അവസരമൊരുക്കുമെന്ന പ്രത്യേകത ഇത്തവണ കലോല്‍സവത്തിനുണ്ട്.
സാക്ഷരത, നാലാംതരം, ഏഴാംതരം, പത്താം തരം, ഹയര്‍സെക്കന്‍ഡറി തുല്യതാ വിഭാഗം, പ്രേരക്മാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നീ വിഭാഗങ്ങളിലായി 73 ഇനങ്ങളില്‍ നടക്കുന്ന മല്‍സരങ്ങളില്‍ 1400 പേര്‍ പങ്കെടുക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ കലാപരിപാടികളും അരങ്ങേറും. എസ് കെ പൊറ്റെക്കാട് (ഗവ.മോഡല്‍ എച്ച്എസ്എസ്), വൈക്കം മുഹമ്മദ്് ബഷീര്‍ (ടൗണ്‍ ഹാള്‍), കെ ടി മുഹമ്മദ് (ഗവ.മോഡല്‍ എച്ച്എസ്എസ് മിനി ഹാള്‍), എം എസ് ബാബുരാജ് (ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ ഹാള്‍), തിക്കോടിയന്‍ (ഗവ.കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ ക്ലാസ് റൂം) എന്നിവരുടെ പേരിലുള്ള അഞ്ചു വേദികളിലായാണ് മല്‍സരങ്ങള്‍ നടക്കുക. അധികം പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വര്‍ണക്കപ്പും സമ്മാനിക്കും. വ്യക്തിഗത ചാംപ്യന്‍ പട്ടവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 29ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Next Story

RELATED STORIES

Share it