kozhikode local

സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ വടകര നഗരസഭ

കെ പി  റയീസ്
വടകര: ജനകീയ പങ്കാളിത്തത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തന മികവില്‍ വടകര നഗരസഭ അവാര്‍ഡ് തിളക്കത്തില്‍. മാലിന്യ മുക്തവും ജല സംരക്ഷണ പദ്ധതിയും നടത്തിയാണ് സംസ്ഥാനത്ത് തന്നെ മികച്ച നഗരസഭയെന്ന ബഹുമതികള്‍ വടകര നഗരസഭ വാരിക്കൂട്ടിയത്. മാലിന്യ രഹിത വടകരയെന്ന പ്രവര്‍ത്തന മികവിന് പൊലൂഷന്‍ കണ്‍ട്രോള്‍ ബോ ര്‍ഡിന്റെ സംസ്ഥാനത്തെ മൂന്നാംസ്ഥാനവും ജല സംക്ഷണ പ്രവര്‍ത്തനത്തിന് നബാര്‍ഡിന്റെ സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനവുമാണ് ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാനതലത്തില്‍ വടകര നഗരസഭ മികച്ച നേട്ടം കൈവരിച്ചത്.
ക്ലീന്‍സിറ്റി, ഗ്രീന്‍സിറ്റി സീറോ വേസ്റ്റ് വടകര പദ്ധതിയിലൂടെയാണ് വടകര നഗരത്തെ മാലിന്യ മുക്തമാക്കുന്ന പദ്ധതിക്ക് നഗരസഭ രൂപം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രി മാലിന്യ സംസ്‌കരണ സംരഭക ഗ്രൂപ്പ് രൂപീകരിച്ച് നേരിട്ട് ഇത്തരമൊരു സംവിധാനത്തിന് വടകരയില്‍ തുടക്കമിട്ടത്. മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍മാരാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. വടകരയില്‍ 60 പേരെ ഉള്‍പ്പെടുത്തി ഹരിത കര്‍മസേന രൂപീകരിച്ചാണ് മാലിന്യം ശേഖരിക്കുകയും തരംതിരിക്കുകയും ചെയ്യുന്നത്. 2018 ജനുവരി മാസം ആരംഭിച്ച പദ്ധതി ഓരോ മാസത്തില്‍ വിവിധ അജൈവ മാലിന്യങ്ങളാണ് ശേഖരിച്ച് വരുന്നത്. തരം തിരിച്ച് ശേഖരിച്ച പാഴ് വസ്തുക്കള്‍ വാര്‍ഡുകളിലെ മിനി എംആര്‍എഫില്‍ നിന്നു 5 ദിവസത്തിനുള്ളില്‍ തന്നെ സംസ്‌കരണ കേന്ദ്രത്തിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.
നഗരത്തിലെ പലയിടങ്ങളിലായി നഷ്ടപ്പെട്ടെന്ന് കരുതിയ പല ജല സ്രോതസ്സുകളും ജനകീയ പങ്കാളിത്തത്തോടെ തിരിച്ച് പിടിക്കാന്‍ കഴിഞ്ഞു എന്നതാണ് ജല സംരക്ഷണ പ്രവര്‍ത്തനത്തിന്റെ മികവ്. പുതുപ്പണം-കുറ്റിയാടി ഇറിഗേഷന്‍ കനാല്‍-1.8 കിലോ മീറ്റര്‍, നഗരസഭയിലെ തികച്ചും മലിനമായ തോടായ കരിമ്പന തോട് നവീകരണം 2.5 കിലോ മീറ്റര്‍, കയ്യില്‍ തോട് 1.5 കിലോ മീറ്റര്‍, നടക്കുതാഴ-ചോറോട് കനാല്‍ 4.2 കിലോമീറ്റര്‍, റെയില്‍വെ കുളം, മണല്‍താഴ കുളം നവീകരണം, കോട്ടക്കുളം, ജൂബിലി കുളം, താഴെഅങ്ങാടി കുളം, പാങ്ങാട്ട് കുളം എന്നവ നവീകരിച്ചു. മാത്രമല്ല ജലസേചന പ്രവര്‍ത്തനങ്ങളായ കിണര്‍ റീചാര്‍ജിങ്, മഴക്കുഴി നിര്‍മാണം, തരിശായി കിടക്കുന്ന അറക്കിലാട് വയല്‍ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ച് 5 ഏക്കറില്‍ കൃഷി, ആയിരം രൂപ ചിലവില്‍ മൊബൈല്‍ മഴവെള്ള സംഭരണി എന്നിവയും നടന്നു വരികയാണ്. വടകരയ്ക്ക് അവാര്‍ഡ് ലഭിച്ചതിന് ശേഷം ഇവരുടെ പ്രവര്‍ത്തന മേഖലയെ പറ്റി അറിയാന്‍ നിരവധി പഞ്ചായത്ത് മേധാവികളാണ് വടകര നഗരസഭ അധികൃതരെ സമീപിച്ചത്. മാത്രമല്ല എംആര്‍എഫ്, ജല സംരക്ഷണം എന്നിവയെ കുറിച്ച് പഠിക്കാന്‍ നേരിട്ടെത്താമെന്നും അവര്‍ പറഞ്ഞതായി നഗരസഭ സെക്രട്ടറി കെയു ബിനി പറഞ്ഞു.
Next Story

RELATED STORIES

Share it