malappuram local

സംസ്ഥാനപാത ചോരക്കളമാവുന്നു; നാലുദിവസത്തിനിടെ അപകടത്തില്‍ മരിച്ചത് മൂന്നുപേര്‍

എടപ്പാള്‍: സംസ്ഥാനപാതയില്‍ വാഹനാപകടങ്ങള്‍ നിത്യ സംഭവമാകുന്നു. എടപ്പാള്‍ മുതല്‍ പുള്ളുവന്‍പടി വരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരത്തിനിടെ കഴിഞ്ഞ നാലു ദിവസത്തിനകം ഏഴ് വാഹനാപകടങ്ങളാണുണ്ടായത്. ഇതില്‍ മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു നിയന്ത്രണം വിട്ട പച്ചക്കറി ലോറി ഇടിച്ച് കാല്‍നടയാത്രക്കാരനായ അണ്ണക്കമ്പാട് വില്ലത്തേല്‍ വേലായുധന് ഗുരുതരമായി പരിക്കേറ്റത്. പിറ്റേന്ന് രാവിലെ ഇദ്ദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തൊട്ടടുത്ത റിലയന്‍സ് പെട്രോള്‍ ബങ്കിനു സമീപത്ത് വെച്ച് കെഎസ്ആര്‍ടിസി ബസ് ബൈക്കിനിടിച്ച് ബൈക്ക് യാത്രികനായ തിരൂര്‍ സ്വദേശി സുഹൈല്‍ (21) മരണമടഞ്ഞത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സുഹൈല്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു രാത്രി 12 മണിയോടെ മരിച്ചത്.
ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് വെറൂര്‍ മദ്‌റസ വിട്ട് വീട്ടിലേക്ക് പോകാനായി റോഡിലിറങ്ങിയ പുള്ളുവന്‍പടി ചെറുകാടത്ത് വളപ്പില്‍ മൊയ്തീന്‍ മുസ്്‌ല്യാരുടെ മകന്‍ ജുബൈര്‍ (11) കാറിടിച്ച് മരിച്ചത്. നാലു ദിവസത്തിനകം ഈ മേഖലയിലുണ്ടായ വിവിധ അപകടങ്ങളില്‍ ഏഴ് പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലുമാണ്.
സംസ്ഥാനപാതയില്‍ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങളും മരണങ്ങളും പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. നിത്യേനയുണ്ടാകുന്ന അപകടങ്ങള്‍ക്കു നേരെ അധികൃതര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു.
റോഡില്‍ വേഗത നിയന്ത്രണ ബോര്‍ഡുകളോ മറ്റ് സിഗ്നല്‍ ബോര്‍ഡുകളോ സ്ഥാപിച്ച് വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലിസിന്റെയും അധികൃതരുടേയും ഭാഗത്തു നിന്നും അടിയന്തിര നടപടിയുണ്ടാകണമെന്നും സംസ്ഥാന പാതയോട് ചേര്‍ന്ന് കിടക്കുന്ന വെറൂര്‍ മദ്‌റസക്ക് മുന്‍വശത്ത് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിന് സീബ്രാലൈന്‍ വരക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it