സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായി ക്രൈംബ്രാഞ്ച്‌

കൊച്ചി: വിദേശത്ത് പോവുന്നവരെ ലക്ഷ്യമിടുന്ന രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്നു മാഫിയ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതികളായി ദോഹയിലെ ജയിലില്‍ കഴിയുന്ന നാലു യുവാക്കളുടെ മോചനം തേടി രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഹരജിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാലു കേസുകള്‍ എടുത്തിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ അങ്കമാലി, എരുമേലി, ചെങ്ങന്നൂര്‍, കോടനാട് പോലിസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമികാന്വേഷണം നടത്തുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു വിടുകയും ചെയ്തിട്ടുണ്ട്. ലഭ്യമായ മൊഴികളുടെയും ഫോ ണ്‍ രേഖകളുടെയും അടിസ്ഥാനത്തില്‍ പ്രതികളുടെ പട്ടിക തയ്യാറാക്കി.
അവരെ കണ്ടെത്താന്‍ ഒരു സംഘം ബംഗളൂരുവിലും മറ്റൊരു സംഘം കണ്ണൂര്‍, കാസര്‍കോട് മേഖലകളിലും അന്വേഷണം നടത്തുന്നുണ്ട്.
സംശയിക്കുന്നവരിലേറെ പേരുടെയും കേന്ദ്രങ്ങള്‍ ഈ പ്രദേശങ്ങളാണ്. എരുമേലി പോലിസ് സ്റ്റേഷനിലെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സ്വദേശി റഹീസിനെ ജൂലൈ 23ന് അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it