thrissur local

സംസ്ഥാനത്ത് പുതിയ വ്യവസായ സംസ്‌കാരം ഉണ്ടാവണം: മന്ത്രി എ സി മൊയ്തീന്‍

തൃശൂര്‍: കേരളത്തില്‍ ഒരു പുതിയ വ്യവസായ സംസ്‌ക്കാരം സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് കേരള ഇന്‍വെസ്റ്റമെന്റ് പ്രൊട്ടക്ഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സിന് രൂപം നല്‍കിയതെന്നും വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.
ഈസ് ഓഫ് ഡ്യൂയിംഗ് ബിസിനസ്സിന്റെ ഭാഗമായി തയ്യാറാക്കിയ ഓര്‍ഡിനന്‍സിന്റെ വിവിധ വശങ്ങള്‍ വെളിപ്പെടുത്തുന്ന ഏകദിന ശില്‍പ്പശാല തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഓര്‍ഡിന്‍സിലെ കാര്യങ്ങള്‍ പാലിക്കാന്‍ ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ പ്രതിനിധികളും തയ്യാറാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിക്ഷേപകന്‍ മുതലാളിയാണെന്ന സങ്കല്‍പ്പം മാറേണ്ടതുണ്ട്. അമിതാധികാര പ്രയോഗം അനുവദിക്കില്ല. ഏകജാലക സംവിധാനത്തിന് ഇപ്പോഴുളള പ്രശ്‌നങ്ങള്‍ പരിഹരിക്കും. ജില്ലാതലത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങും.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധികാരത്തില്‍ കൈകടത്തുന്നതല്ല പുതിയ ഓര്‍ഡിന്‍സ്. സമയബന്ധിതമായി കാര്യങ്ങള്‍ നടക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യവസായ വികസന സംരംഭങ്ങള്‍ക്ക് അമ്പത് ശതമാനം സഹായം സര്‍ക്കാര്‍ നല്‍കും. നോക്ക് കൂലി ഒരു തരത്തിലും അനുവദിക്കില്ല. നോക്ക് കൂലി സംബന്ധിച്ച് കേസെടുക്കാനുളള വ്യവസ്ഥകള്‍ കര്‍ശനമാകും. ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കും. നാനോ വ്യവസായ യൂണിറ്റുകള്‍ വീടുകള്‍ കേന്ദ്രീകരിച്ച് തുടങ്ങണം എന്ന് തീരുമാനിച്ചത് അതിന്റെ ഭാഗമായാണ്. മുതലാളി-തൊഴിലാളി ദ്വന്ദ സംസ്‌ക്കാരം മാറണം. സ്റ്റോപ്പ് മെമ്മോ രീതി ഒരു തരത്തിലും അനുവദിക്കില്ല.
പരാതിയുടെ പുറത്ത് ഒരു വ്യവസായ സംരംഭം അടച്ച് പൂട്ടാന്‍ ജനപ്രതിനിധികള്‍ കൂട്ട് നില്‍ക്കരുതെന്നും മന്ത്രി  പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയില്‍ കൂടുതല്‍ കുറിക്കമ്പനികള്‍ ഉളള പശ്ചാത്തലത്തില്‍ ചിട്ടി കമ്പനികളും ഉപഭോക്താക്കളും തമ്മിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചിട്ടി ആര്‍ബിട്രറ്റര്‍ സംവിധാനം ജില്ലയ്ക്ക് അനുവദിച്ചതായും മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ ടെലികോം കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it